ലോക: ചാപ്റ്റർ 1 - ചന്ദ്ര എന്ന സിനിമയുടെ വിജയത്തോടെ, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ സ്വന്തമായുള്ള നായികയായിരിക്കുകയാണ് കല്യാണി പ്രിയദർശൻ. മറ്റ് മെഗാ ഹിറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ഇൻഡസ്ട്രി ഹിറ്റ് ആയി എന്നത് തന്നെയാണ് ഇവിടെ പ്രത്യേകത. എന്തായാലും, ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ, പ്രേക്ഷകർക്ക് കല്യാണി ഏറെ പ്രിയപ്പെട്ടവളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പക്ഷെ ജീനി എന്ന നടിയുടെ പുതിയ ചിത്രത്തിലെ ഗാനരംഗം പുറത്തിറങ്ങിയതോടെ, ചിലരെങ്കിലും നയം മാറ്റി.
ജയം രവി എന്ന രവി മോഹൻ നായകവുന്ന ജീനിയിൽ, കല്യാണി പ്രിയദർശനും കൃതി ഷെട്ടിയുമാണ് നായികമാർ. മൂവരും ഒന്നിക്കുന്ന 'അബ്ദി അബ്ദി' എന്ന ഗാനരംഗം അടുത്തിടെയാണ് ടീം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്. എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ പാട്ടിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പക്ഷെ, കല്യാണിയുടെ ഗ്ലാമർ ലൂക്കും, അണിഞ്ഞ കോസ്റ്റ്യൂമുകളും ഒരു വലിയ വിഭാഗം മലയാളി പ്രേക്ഷകരെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുകയാണ്.
'അടുത്ത വീട്ടിലെ കുട്ടി' ഇമേജുമായി വന്ന കല്യാണി പ്രിയദർശനിൽ നിന്ന് ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചില്ല എന്നാണ്, ഒരു വലിയ വിഭാഗം 'ഓൺലൈൻ ആങ്ങളമാർ' സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. "ഇത് വേണ്ടായിരുന്നു മോളെ...," "കല്യാണിയെ ഒന്ന് ഇഷ്ടപ്പെട്ടു വന്നതായിരുന്നു," "ശരീര പ്രദർശനം വേണ്ടിയിരുന്നില്ല," തുടങ്ങി, സീനിയർ സംവിധായകൻ പ്രിയദർശന്റെയും, പ്രശസ്ത നടി ലിസ്സിയുടെയും മകളിൽ നിന്ന് ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചില്ല എന്നത് വരെ നീളുന്നു കമെന്റുകൾ. മറ്റു ചിലരാകട്ടെ, കല്യാണിയുടെ നൃത്തത്തെ വിമർശിക്കുകയും, ഗ്ലാമർ വേഷങ്ങൾ ചെയ്യാനുള്ള ഭംഗിയോ, ശാരീരിക പ്രത്യേകതകളോ അവർക്കില്ല എന്ന് പറഞ്ഞു ബോഡി ഷെയിം ചെയ്യുന്ന നിലയിലേക്ക് തരംതാഴുകയുമാണ്.
എന്നാൽ, ഇതിൽ ഏറ്റവും വിചിത്രമായ കാര്യം, കല്യാണി പ്രിയദർശൻ അണിഞ്ഞ അതെ വസ്ത്രങ്ങൾ തന്നെയിട്ട് സോങ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു നായികയായ കൃതി ഷെട്ടിയോട് ആർക്കും ഒരു വിരോധവുമില്ല, എന്നതാണ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രമായി എത്തി മലയാളി മനസ്സിൽ സ്ഥാനം നേടിയ നടിയാണ് കൃതി.
ലോക എന്ന സിനിമയിൽ ചന്ദ്ര എന്ന കള്ളിയങ്കാട്ട് നീലിയായി എത്തിയതോടെ, കല്യാണി അത് പോലെയുള്ള കഥാപാത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാവു എന്ന് നടിയുടെ 'ആങ്ങള'മാരായി സ്വയം അവരോധിച്ച ഓൺലൈൻ സദാചാര വാദികൾ നിർബന്ധം പിടിക്കുകയാണ്. ഏത് കഥാപാത്രത്തെ തിരഞ്ഞെടുക്കണം എന്നത് കല്യാണിയുടെ മാത്രം സ്വാതന്ത്ര്യമാണ് എന്നതാണ് ഇവിടെ സോഷ്യൽ മീഡിയയിലെ ഒരു വലിയ വിഭാഗം മറക്കുന്നത്.
എന്തായാലും, എന്നത്തേയും പോലെ ഈ വിമർശനങ്ങൾ എല്ലാം അവഗണിച്ച് സ്വന്തം കരിയറിൽ മാത്രം ശ്രദ്ധിക്കുകയാണ് കല്യാണി പ്രിയദർശൻ. ലോക ഹിറ്റ് ആയപ്പോൾ പോലും, വിജയത്തിൽ മതിമറക്കാതെ എന്നും വ്യത്യസ്തമായ റോളുകൾ ചെയ്യാനാണ് താൻ ശ്രമിക്കുക എന്നാണ് താരം പറഞ്ഞത്. ഒപ്പം, സിനിമയിൽ വിജയിക്കാൻ മാത്രമല്ല, ഇടയ്ക്കൊക്കെ ഒന്ന് തോൽക്കാനും സ്വാതന്ത്ര്യം ഉണ്ടാവണമെന്നാണ് തന്റെ വിശ്വാസമെന്നും നടി കൂട്ടി ചേർത്തിരുന്നു. ലോക എന്ന സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങളും സംസാരങ്ങളും, വളരെ ശാന്തമായിട്ടാണ് കല്യാണി അവയെല്ലാം നേരിട്ടത്.
kalyanipriyadarshan makeover for genie disappoints self appointed online brothers