(moviemax.in) തന്റെ 23-ാം വയസ്സിൽ പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ ഭാഗത്തുനിന്ന് നേരിടേണ്ടി വന്ന ആദ്യ ബാനിനെക്കുറിച്ചും അതിനുശേഷം ഉണ്ടായ മോശം കമന്റുകളെക്കുറിച്ചും നടൻ ഷെയിൻ നിഗം മനസ്സ് തുറന്നു. ഒരുപാട് സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.ആ സംഭവത്തിനുശേഷം നെഗറ്റീവായ നിരവധി കമന്റുകൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, സിനിമയിലൂടെ മാത്രമേ തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞതോടെ താൻ ആ പ്രതിസന്ധികളെല്ലാം മറികടന്നു.
ഇപ്പോൾ അത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും ഷെയിൻ പറഞ്ഞു. ഉമ്മയുടെ സാന്നിധ്യമാണ് തനിക്ക് പിടിച്ചുനിൽക്കാൻ കരുത്തായതെന്നും, ഉപ്പയുടെ മരണശേഷം എല്ലാ കാര്യത്തിലും പേടിയായിരുന്ന തനിക്ക് ഉമ്മയുടെ പിന്തുണ വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയിൻ നിഗത്തിൻ്റെ ഏറ്റവും പുതിയ ചിത്രം 'ബൾട്ടി' മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ ചിത്രം, കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്ന പ്രദേശത്തെ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്.
ഗംഭീരമായ മേക്കിങ് ക്വാളിറ്റിയും കബഡി ചുവടുകളോടു കൂടിയ സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ ആകർഷണമാണ്. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് 'ബൾട്ടി' നിർമ്മിച്ചിരിക്കുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ വിജയത്തിനുശേഷം സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
'Ban' at the age of 23: Overcoming negative comments with the support of his mother - Shane Nigam opens up