ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച 'വാനോളം മലയാളം ലാൽ സലാം' പരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമത്തിൽ ഇപ്പോഴും സജീവമാണ്. പരിപാടിയിൽ സംലിധായകൻ അടൂർ ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു.
അതിനിടയിൽ, എന്തുകൊണ്ടാണ് മോഹൻലാലിനെ നായകനാക്കാത്തത് എന്ന ചോദ്യത്തിന് അടൂർ പണ്ട് പറഞ്ഞ ഉത്തരം ഇപ്പോൾ വൈറലാണ്. മോഹൻലാൽ നല്ലവനായ റൗഡിയാണെന്നും അത് തനിക്ക് പറ്റില്ലെന്നുമായിരുന്നു അടൂരിന്‍റെ മറിപടി. ‘എന്നെപ്പറ്റി ആദ്യമായി പറഞ്ഞ.., അല്ല മുമ്പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി,’ എന്നായിരുന്നു മോഹൻലാൽ ആദരമേറ്റ് വാങ്ങിക്കൊണ്ട് പറഞ്ഞത്.
ഇപ്പോഴത്തെ ചടങ്ങിൽ മോഹൻലാൽ അടൂരിന് നന്ദി പറയുന്ന വിഡിയോയും അടൂരിന്‍റെ പഴയ വിഡിയോയും ചേർത്ത് നെറ്റിസൺസ് പ്രചരിപ്പിക്കാൻ തുടങ്ങി. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു വിഡിയോക്ക് നടൻ ബൈജു സന്തോഷ് നടത്തിയ കമന്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’ എന്നായിരുന്നു ബൈജു സന്തോഷിന്റെ കമന്റ്.
അതേസമയം, രണ്ട് ദശാബ്ദത്തിന് മുമ്പ് തനിക്ക് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആഘോഷങ്ങളോ ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ലെന്ന് മോഹൻലാലിനെ സർക്കാർ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 2004ലാണ് അടൂരിന് അവാർഡ് ലഭിച്ചത്. മോഹൻലാലിനെ സർക്കാർ ആദരിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. അത് സംഭവിച്ചില്ല. പക്ഷേ, മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് നല്‍കുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയതലത്തിലുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെയാണ്. അക്കാര്യത്തില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്' -എന്നായിരുന്നു അടൂർ പറഞ്ഞത്.
'രണ്ട് ദശാബ്ദത്തിന് മുമ്പ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ ആദരവോ ഒന്നും ഉണ്ടായിരുന്നില്ല, ഇപ്പോൾ മുഖ്യമന്ത്രിയും സർക്കാറും പ്രത്യേക താൽപ്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത്. എനിക്കതിൽ സന്തോഷവും അഭിമാനവും ഉണ്ട്. മലയാളത്തിന്‍റെ വലിപ്പം ഇവിടെയുള്ള എല്ലാവർക്കും അറിയാം. അത് പ്രതിനിധീകരിച്ച ആളാണ് മോഹൻലാൽ. ഓരോ മലയാളിക്കും തങ്ങളുടെ പ്രതിബിംബം ഈ നടനിൽ കാണാം. അതുകൊണ്ടാണ് മലയാളികൾ മോഹൻലാലിനെ സ്നേഹിക്കുന്നത്' -അടൂർ കൂട്ടിച്ചേർത്തു.
Mohanlal became a superstar because he didn't act in your films Baiju Santosh against Adoor