( moviemax.in) കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവവികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'ദി കൊമ്രേഡ്'-ന്റെ ടൈറ്റിൽ പോസ്റ്റർ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. കോഴിക്കോട് വെച്ചായിരുന്നു പ്രകാശന ചടങ്ങ്.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 'വെള്ളം', 'സുമതി വളവ്' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് ആണ് വാട്ടർമാൻ ഫിലിംസിൻ്റെ ബാനറിൽ 'ദി കൊമ്രേഡ്' നിർമ്മിക്കുന്നത്.
ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് പി.എം. തോമസ് കുട്ടിയാണ്. കേരള രാഷ്ട്രീയത്തിൻ്റെ സംഭവ വികാസങ്ങൾ പശ്ചാത്തലമാക്കി തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് സംവിധായകൻ തോമസ് കുട്ടി ചടങ്ങിൽ അഭിപ്രായപ്പെട്ടു. മലയാള സിനിമയിൽ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരിക്കും 'ദി കൊമ്രേഡ്' എന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ മലയാളത്തിലെ പത്തോളം മുഖ്യധാരാ അഭിനേതാക്കളും മറ്റു പ്രഗത്ഭരായ താരങ്ങളും അണിനിരക്കുന്ന പൊളിറ്റിക്കൽ ചിത്രമായിരിക്കും ദി കൊമ്രേഡ് എന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. ചിത്രത്തിന്റെ താരങ്ങളുടെയും മറ്റു സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പ്രേക്ഷകരിലേക്കെത്തുമെന്നു വാട്ടർമാൻ ഫിലിംസ് അറിയിച്ചു. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
'The Comrade': Minister Riyaz releases the title poster of the big budget film