( moviemax.in) ഷെയിൻ നിഗം നായകനായി എത്തിയ 'ബൾട്ടി' തിയേറ്ററുകളിൽ മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയ്ക്കും നടനുമെതിരെ നടക്കുന്ന നെഗറ്റീവ് പബ്ലിസിറ്റികളോട് പ്രതികരിച്ചിരിക്കുകയാണ് നിർമാതാവ് സന്തോഷ് ടി കുരുവിള. സിനിമയുടെ പോസ്റ്ററുകൾ കീറിയതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്നും സന്തോഷ് ടി കുരുവിള ചോദിക്കുന്നു.
'ഇത് കടുത്ത അസഹിഷ്ണുതയാണ് ! എന്തിനാണ് വളരെ ആസൂത്രിതമായ് ഷെയ്ൻ നിഗം എന്ന നടൻ്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല ? തീയറ്ററുകളിൽ വിജയകരമായ് പ്രദർശിപ്പിയ്ക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് ഒരു മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് ? ഈ പ്രവർത്തി അങ്ങയറ്റം ഹീനമായ ഒന്നാണ് , ഷെയിൻ നിഗം ചിത്രങ്ങളായ ബൾട്ടി , ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ.മറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ് ?
ഷെയ്ൻ നിഗം എന്ന നടൻ്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബൾട്ടി , പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത് ? ആരാണ് മുൻ നിരയിലേയ്ക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിയ്ക്കുന്നത് ? ഇവിടെ ചേർത്തിരിയ്ക്കുന്ന ഫോട്ടോകൾ എനിയ്ക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണ് , കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായ് , എന്താണിവരുടെ ഉദ്ദേശം ?
ഞാൻ തന്നെ നിർമ്മിച്ച എൻ്റെ മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനൊപ്പം കെട്ടിയോളാണെൻ്റെ മാലാഖ , അതിനും മുമ്പ് മഹേഷിൻ്റെ പ്രതികാരത്തിനൊപ്പം ആക്ഷൻ ഹീറോ ബിജു , മായാ നദി, ആട് 2 അവസാനമായ് ന്നാ താൻ കേസ് കൊട് തല്ലുമാല , അപ്പോഴൊന്നും സംഭവിയ്ക്കാത്തതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ഈ പോസ്റ്റർ കീറൽ പരിപാടി , അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ ? എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത് ? മലയാളത്തിലെ എൻ്റെ പ്രിയപ്പെട്ട സിനിമാ സ്നേഹികളോട് ഒരു നിർമ്മാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ്,' സന്തോഷ് ടി കുരുവിള പറഞ്ഞു.
Shane Nigam tore the posters of the movie, I don't understand why? The producer posted