(moviemax.in) നടൻ ആസിഫ് അലിയെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ടിക്കി ടാക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'Absolute Cinema' എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും 'ടിക്കി ടാക്ക' എന്ന സൂചനകളാണ് പോസ്റ്റർ നൽകുന്നത്. ബോളിവുഡിലെ വമ്പൻ നിർമ്മാണ കമ്പനിയായ ടി സീരീസ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന മലയാള ചിത്രമാണ് 'ടിക്കി ടാക്ക' എന്ന പ്രത്യേകതയുണ്ട്. ടി സീരീസിനൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് കമ്പനിയായ പനോരമ സ്റ്റുഡിയോസും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളാണ്.
ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷൻസും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 'ടിക്കി ടാക്ക'യിൽ നസ്‌ലെൻ, ലുക്മാൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വാമിഖ ഗബ്ബി, സഞ്ജന നടരാജ എന്നിവരാണ് നായികമാർ. 'കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ എന്റർടെയ്‌നറിനായി ഹോളിവുഡ് നിലവാരത്തിലുള്ള ഫൈറ്റ് മാസ്റ്റർമാരാണ് പ്രവർത്തിച്ചിരിക്കുന്നത്.
'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് ആണ് 'ടിക്കി ടാക്ക'യുടെ ഫൈറ്റ് മാസ്റ്റർ. ചിത്രത്തിൻ്റെ സ്റ്റണ്ട് പരിശീലനത്തിനിടെയുണ്ടായ ഗുരുതരമായ പരിക്കിനെ തുടർന്ന് ആസിഫ് അലിക്ക് അഞ്ച് മാസത്തോളം വിശ്രമം വേണ്ടി വന്നിരുന്നു. നാവിസ് സേവിയർ ,റാം മിർ ചന്ദനി, രാജേഷ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
Asif Ali's 'Tiki Taka': First look poster released