(moviemax.in) ഒരു അഡാർ ലവ് എന്ന സിനിമയിൽ സ്നേഹ മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് റോഷ്ന ആൻ റോയ്. നിരവധി മലയാള സിനിമകളുടെ ഭാഗമായിട്ടുള്ള റോഷ്ന നടി എന്നതിലുപരി മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റും ഡിസൈനറുമെല്ലാമാണ്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിലൂടെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസാണ് റോഷ്നയുടെ ഭർത്താവ്.
മൂന്ന് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം 2020ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. അന്ന് സോഷ്യൽമീഡിയയിൽ താരനിബിഢമായ വിവാഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ ദാമ്പത്യം അഞ്ച് വർഷത്തിൽ എത്തി നിൽക്കുമ്പോൾ കിച്ചു ടെല്ലസുമായുള്ള വിവാഹബന്ധം താൻ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് റോഷ്ന.
സോഷ്യൽമീഡിയ വഴി പങ്കിട്ട കുറിപ്പ് വൈറലാണ്. ഒരുമിച്ച് ചിലവഴിച്ച മനോഹര അഞ്ച് വർഷങ്ങൾക്കുശേഷം താനും കിച്ചുവും സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് റോഷ്നയുടെ കുറിപ്പ് ആരംഭിക്കുന്നത്. അഞ്ച് അത്ഭുതകരമായ വർഷങ്ങൾ ഒരുമിച്ച് കഴിഞ്ഞശേഷം സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു.
ഓർമ്മകൾക്ക് നന്ദി... ഞങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സ്വകാര്യതയെ ബഹുമാനിക്കുമെന്നും കരുതുന്നു. അതെ രക്തബന്ധമാണ് എല്ലാത്തിനെക്കാൾ വലുത്. അതുകൊണ്ടാണ് ഞാൻ മാറി നിന്ന് നിങ്ങൾക്കാവശ്യമുള്ള എല്ലാ ഇടവും നൽകിയത്. ഞാൻ സ്വതന്ത്രയാണ് അദ്ദേഹവും സ്വതന്ത്രനാണ്. എല്ലാവർക്കും സമാധാനം ആശംസിക്കുന്നു.
ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ ഇപ്പോഴും അങ്ങനെ തന്നെയാണ്. സെപ്റ്റംബർ 30, എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസം. ജീവിതത്തിലെ എന്റെ ആദ്യ വേദന. ഇന്ന് ഞാൻ മറ്റൊരു കാര്യത്തിന് കൂടി അവസാനം കുറിക്കുന്നു. മുന്നോട്ട് ചുവടുവെക്കുന്നു... നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്, ഞാൻ ഉയർത്തെഴുന്നേൽക്കൽ തെരഞ്ഞെടുക്കുന്നു. സോഷ്യൽ മീഡിയയിൽ ഒരു ആഘോഷമാക്കാൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത്... മറിച്ച് ഇത് വെളിപ്പെടുത്താൻ ഇപ്പോഴാണ് ശരിയായ സമയമെന്ന് എനിക്ക് തോന്നുന്നു. നമ്മൾ രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്.
നമ്മൾ രണ്ടുപേരും സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്. പക്ഷെ അതിന് വ്യത്യസ്ത വഴികളിലൂടെ നീങ്ങണം. എളുപ്പമല്ലെങ്കിലും ഞാൻ പുറത്തുവന്ന് ഇത് പങ്കിടണം. ചിലർക്ക് സന്തോഷം തോന്നിയേക്കാം. അവരുടെ സന്തോഷം തുടരണമെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു പല തരത്തിൽ ഞങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ. കിച്ചുവും ഞാനും ഒരിക്കൽ ഒരുമിച്ചായിരുന്നു. ഇപ്പോൾ വേർപിരിഞ്ഞു. ജീവിതം തുടരുന്നു. ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി. ഇത് മറച്ചുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ വേർപിരിഞ്ഞ് മുന്നോട്ട് പോകുമ്പോൾ എല്ലാവരും നമ്മുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു എന്നായിരുന്നു റോഷ്നയുടെ കുറിപ്പ്. സിനിമ മേഖലയിലെ സുഹൃത്തുക്കൾ അടക്കം നിരവധി പേരാണ് റോഷ്നയെ ആശ്വസിപ്പിച്ച് എത്തിയത്. ഏറെ കാലമായി ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട്. കിച്ചുവിനൊപ്പമുള്ള ഫോട്ടോയോ പോസ്റ്റോ ഒന്നും റോഷ്ന പങ്കിടാറുമുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ കിച്ചു എവിടെയെന്ന് ഇടയ്ക്ക് ആരാധകർ തിരക്കിയിരുന്നു. അനുകൂലമായ മറുപടി നടി നൽകാതിരുന്നതുകൊണ്ട് തന്നെ വേർപിരിയൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന തോന്നൽ ഇരുവരുടേയും ഫോളോവേഴ്സിനും ഉണ്ടായിരുന്നു. വർണ്ണ്യത്തിൽ ആശങ്ക, സുല്ല് തുടങ്ങി ഒന്നിലേറെ ചിത്രങ്ങളിൽ റോഷ്നയും കിച്ചുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
roshna annroy and actor kichu telles have decided to separate and end their marriage