Sep 11, 2025 05:03 PM

തന്റെ പേരും ചിത്രങ്ങളുമടക്കം അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി ഐശ്വര്യ റായി നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. പേരും ചിത്രങ്ങളുമടക്കം ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി.

ഒരു വ്യക്തിയുടെ വ്യക്തിപരമായ സവിശേഷതകള്‍ അനധികൃതമായി ചൂഷണം ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള അവരുടെ അവകാശത്തെ ലംഘിക്കുക മാത്രമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

നിര്‍മിതബുദ്ധിയുടെ (എഐ) ഉപയോഗത്തിലൂടെ പോലും, നടിയുടെ പേര്, ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നതില്‍നിന്ന് വിവിധ സ്ഥാപനങ്ങളെ കോടതി വിലക്കി. ഇത്തരത്തിലുള്ള ദുരുപയോഗം നടിയുടെ പ്രശസ്തിക്ക് ദോഷം വരുത്തുമെന്നും കോടതി വ്യക്തമാക്കി.

പേര്, പ്രതിച്ഛായ, സാദൃശ്യം അല്ലെങ്കില്‍ വ്യക്തിത്വത്തിന്റെ മറ്റ് ഗുണവിശേഷങ്ങള്‍ എന്നിവയുടെ ചൂഷണത്തെ നിയന്ത്രിക്കാനും സംരക്ഷിക്കാനുമുള്ള അവകാശം വ്യക്തികള്‍ക്കുണ്ട്. അതില്‍നിന്ന് ലഭിക്കാവുന്ന വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് പുറമെയാണിത്. ഒരാളുടെ വ്യക്തിത്വ സവിശേഷതകളുടെ അനധികൃത ചൂഷണത്തിന് രണ്ട് വശങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒന്നാമതായി, അവരുടെ വ്യക്തിത്വ സവിശേഷതകള്‍ വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കാനുള്ള അവരുടെ അവകാശം ലംഘിക്കപ്പെടുന്നു. രണ്ടാമതായി അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനം നടക്കുന്നു. ഇത് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഇത്തരം സംഭവങ്ങളില്‍ കോടതികള്‍ക്ക് കണ്ണടയ്ക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് തേജസ് കരിയ അഭിപ്രായപ്പെട്ടു. ഐശ്വര്യയുടെ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുള്ള ലിങ്കുകള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍ എല്‍എല്‍സിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.





Delhi High Court bans misuse of Aishwarya Rai's name and pictures

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall