ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയിൽ എത്തിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നൽകി ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചുവെന്നാണ് പരാതി.
ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു മിനു ഇതുവരെ വാദിച്ചുകൊണ്ടിരുന്നത്. നേരത്തെ, നടന്‍ ബാലചന്ദ്ര മേനോന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മിനു മുനീര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു.
സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സമയത്ത് നിരവധി നടന്മാര്‍ക്കെതിരെ മിനു മുനീര്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.
ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മിനു മുനീറിന്റെ അഭിഭാഷകന്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്. വിവാദവാര്‍ത്തകള്‍ സൃഷ്ടിച്ചു മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നനടിയാണ് ഇവര്‍.
ചില മലയാളം സിനിമകളിലും നിരവധി സീരിയലുകളിലും മിനു മുനീര്‍ അഭിനയിച്ചിട്ടുണ്ട്. മിന്നു കുര്യന്‍, മീനു കുര്യന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും, സിനിമയില്‍ അറിയപ്പെടുന്നത് മിനു കുര്യന്‍ എന്ന പേരിലാണ്. സെയിന്റ് മേരി റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ (തിരുവല്ല) നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിനു, ഉപരിപഠനം നടത്തിയത് മംഗലാപുരത്തെ എസ്.ഡി.എം. ലോ കോളേജിലായിരുന്നു. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Actress Minu Muneer in police custody for allegedly trying to hand over her relative to a sex mafia