അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ കൂട്ടായ്മ. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മ ആണ് പരിപാടി സംഘടിപ്പിച്ചത്. നടൻ വിനായകനും പങ്കാളിയായി. ഇല്ല... ഇല്ല... മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് വിനായകനും സുഹൃത്തുക്കളും സങ്കടമടക്കി മുദ്രാവാക്യം വിളിക്കുന്നുണ്ട്.
അതേസമയം, വിഎസിന്‍റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബീച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്തി. കടലല പോലെ വിലാപയാത്രക്കൊപ്പവും വിഎസിനെ കാണാനുമായി ജനസഹസ്രങ്ങളാണ് അതിശക്തമായ മഴയെ അവഗണിച്ച് എത്തിയിട്ടുള്ളത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം കൂടെ അവസാനിച്ചാൽ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരിക്കും.
ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി.
മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിയത്. വേലിക്കകത്ത് വീട്ടിൽ വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ആയിരക്കണക്കിന് പേർ അഭിവാദ്യമർപ്പിച്ചു.
vs does not die he lives through us actor vinayakan raises slogan