( moviemax.in ) കരിയറിൽ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നടൻ ദിലീപ്. ഒടുവിൽ പുറത്തിറങ്ങിയ പ്രിൻസ് ആന്റ് ഫാമിലി വലിയ വിജയം നേടി. വരാനിരിക്കുന്ന സിനിമകളിൽ വലിയ പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. കരിയറിൽ ദിലീപിന്റെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ നന്ദു. സഫാരി ചാനലിൽ സംസാരിക്കവെയാണ് അത്ഭുതം തോന്നിയ ഒരു കാര്യം നന്ദു പങ്കുവെച്ചത്.
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ. ഉർവശിയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. മനോജ് കെ ജയൻ അഭിനയിക്കുന്നു. ആ സമയത്ത് അവർ തമ്മിൽ പ്രേമമൊക്കെയായിരുന്നെന്ന് തോന്നുന്നു. മനോജിന്റെ സുഹൃത്തുക്കളായിട്ട് ഞാനും ദിലീപുമുണ്ട്. ദിലീപ് അന്ന് അസിസ്റ്റന്റ് ഡയരക്ടറാണ്. അഭിനയിക്കാനാണ് താൽപര്യം കൂടുതൽ. തിരുവനന്തപുരത്ത് ബ്രാഹ്മണ തെരുവിലാണ് ഷൂട്ടിംഗ്. ഏതോ വീടിന്റെ പടിയിലിരുന്ന് ഞങ്ങൾ ഷൂട്ടിംഗ് കണ്ട് കൊണ്ടിരിക്കുകയാണ്. അവിടെ പത്ത് മുപ്പത് പേർ ഡാൻസ് ചെയ്യുന്നു. ആ കൂട്ടത്തിൽ ദിലീപുണ്ട്. പദ്മനാഭ ക്ഷേത്രത്തിൽ പോയി വരുന്നവർ അത് വഴി പോകുന്നുണ്ട്.
ഒരു വയസായ അപ്പൂപ്പൻ. മുണ്ട് ഉടുത്തിട്ടുണ്ട്. പൂണൂലുണ്ട്. ദേഹത്ത് ഭസ്മമുണ്ട്. കുറിയുണ്ട്. അദ്ദേഹം ഷൂട്ടിംഗ് ഇങ്ങനെ കണ്ട് വരികയാണ്. അദ്ദേഹത്തിന്റെ വീടിന്റെ നടയിലാണ് ഞങ്ങൾ ഇരുന്നത്. അദ്ദേഹം പടി കയറി നോക്കിക്കൊണ്ടിരുന്നു. ആ നിൽക്കുന്ന പയ്യൻ ആരാണെന്ന് ഞങ്ങളോട് ചോദിച്ചു. ദിലീപെന്നാണ് പേര്, ഇതിനകത്ത് അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞു. അയാൾ ഒരു ദിവസം മലയാള സിനിമ ഭരിക്കും, ഉറപ്പാണ് എന്ന് പറഞ്ഞ് അയാൾ വീട്ടിലേക്ക് കയറി പോയി. ഒരു കിളവൻ എന്തോ പറഞ്ഞ് പോയി.
ആരും മെെൻഡ് ചെയ്തില്ല. പക്ഷെ അത് സത്യമായില്ലേ. അയാൾ മലയാള സിനിമയുടെ ഏറ്റവും ടോപ് ലെവലിൽ എത്തിയില്ലേ. കുറേ നാളുകൾക്ക് ശേഷം ദിലീപിനെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു. അയ്യോ അണ്ണാ അയാൾ എവിടെയെന്ന് ദിലീപ് ചോദിച്ചു. എവിടെയെന്ന് അറിയില്ലെന്ന് താൻ മറുപടി നൽകിയെന്നും നന്ദു ഓർത്തു.
മലയാള സിനിമ അടക്കി ഭരിച്ച ദിലീപിന് പക്ഷെ 2017 ന് ശേഷം കരിയറിൽ ഇടിവ് സംഭവിച്ചു. വിവാദങ്ങൾ കരിയറിനെ കാര്യമായി ബാധിച്ചു. ഏറെക്കാലത്തിന് ശേഷം പ്രിൻസ് ആന്റ് ഫാമിലിയാണ് ദിലീപിന് ലഭിച്ച ഏക ഹിറ്റ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ബിന്റോ സ്റ്റീഫൻ ആണ്.
old man predicted dileep future actor nandhu