കഴിഞ്ഞ ദിവസം നടൻ ലാൽ ജഗതി ശ്രീകുമാറിനെക്കുറിച്ച് നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു. ജഗതിയുടെ ആക്ടിംഗ് പ്രോസസ് ശരിയല്ലെന്നാണ് ലാൽ പറഞ്ഞത്. അമ്പിളി ചേട്ടനെക്കുറിച്ച് ഏറ്റവും കൂടുതൽ പറയുന്ന കാര്യം പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗും മൂവ്മെന്റും ഇടും എന്നതാണ്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്യാനേ പാടില്ല. ചെയ്താൽ പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന് സംവിധായകൻ നിർബന്ധമായും പറയണം. അല്ലെങ്കിൽ നന്നായിരുന്നെന്ന് പറയുകയോ വേണ്ട എന്ന് പറഞ്ഞ് മാറ്റുകയോ ചെയ്യണമെന്ന് ലാൽ തുറന്ന് പറഞ്ഞു.
പിന്നാലെ ലാലിനെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ വന്നു. സംവിധായകൻ ശാന്തിവിള ദിനേശ് ജഗതിയെ അനുകൂലിച്ചാണ് സംസാരിച്ചത്. ലാലിനെ വിമർശിക്കുകയും ചെയ്തു. തന്റെ വിമർശനം കേട്ട ലാൽ തന്നെ വിളിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശാന്തിവിള ദിനേശ്.
എന്നെ ഇന്നലെ അദ്ദേഹം രണ്ട് പ്രാവശ്യം വിളിച്ചു. സ്ഥിരം ഫോണിലേക്ക് അല്ല വിളിച്ചത്. അദ്ദേഹത്തിന്റെ കയ്യിലുള്ള നമ്പറിലാണ് വിളിച്ചത്. എന്തിനോ ആ ഫോണെടുത്തപ്പോൾ രണ്ട് പ്രാവശ്യം വിളിച്ചിരിക്കുന്നു. ഉച്ച കഴിഞ്ഞപ്പോൾ എന്നെ വീണ്ടും വിളിച്ചു. ദിനേശേ എനിക്ക് ശത്രുക്കളില്ല. ഞാൻ ആരെയും ശത്രുവായി കാണുന്നവനുമല്ല. നിങ്ങളോട് എനിക്ക് ഒട്ടും ശത്രുതയില്ല. അതിനുള്ള ഒരു അവസരവും നിങ്ങൾ ഉണ്ടാക്കിയിട്ടില്ല.
ദിലീപുമായും എനിക്കിപ്പോഴും നല്ല ബന്ധമുണ്ട്. ഞങ്ങൾ ആവശ്യം വരുമ്പോൾ പരസ്പരം സാമ്പത്തികമായി സഹായിക്കാറുണ്ട്. എന്തെങ്കിലും പ്രശ്നം വന്നാൽ ഞാനങ്ങോട്ട് കാശ് കൊടുക്കാറുണ്ട്. എനിക്കിങ്ങോട്ട് തരാറുണ്ട്. നല്ല ബന്ധമാണ് ഇപ്പോഴും അത് ദിനേശെങ്കിലും ഒന്ന് അറിഞ്ഞിരിക്കണമെന്ന് ലാൽ തന്നോട് പറഞ്ഞെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലാൽ പിന്നീട് പറഞ്ഞ കാര്യങ്ങളും ഇദ്ദേഹം പങ്കുവെച്ചു. ശത്രുക്കളെ ഉണ്ടാക്കാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ എന്തെങ്കിലും കമന്റ് പറയാൻ താൽപര്യമില്ലാത്ത ആളാണ് ഞാൻ, അത് ദിനേശിന് അറിയാമല്ലോ എന്ന് പറഞ്ഞ് കുറേ നേരം സംസാരിച്ചു. പതിനെട്ട് മിനുട്ടോളം സംസാരിച്ചു. ഞാൻ ഈ പറയുന്നത് റെക്കോഡ് ചെയ്യാമോ എന്ന് ലാൽ ചോദിച്ചു.
എനിക്കാ പരിപാടിയില്ലെന്ന് ഞാൻ. ദിനേശ് റെക്കോഡ് ചെയ്യണം, ഒരു വാക്കോ പുള്ളിയോ മാറിയാൽ അർത്ഥം മാറുമെന്ന് പുള്ളി. ചോദ്യങ്ങളും ടേപ്പ് റെക്കോഡും ഇല്ലാതെ മോഹൻലാലിനെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ലാൽ പറഞ്ഞോയെന്ന് താൻ പറഞ്ഞെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ജഗതി ശ്രീകുമാറിനെതിരെയല്ല താനെന്ന് ലാൽ വ്യക്തമാക്കിയതായും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. ലെെറ്റ്സ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മലയാള സിനിമാ രംഗത്തെ സമകാലിക വിഷയങ്ങളിലെല്ലാം ശാന്തിവിള ദിനേശ് സംസാരിക്കാറുണ്ട്.
ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ബംഗ്ലാവിൽ ഔത എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തത് ലാലാണ്. ഈ ഒരു സിനിമ മാത്രമേ ശാന്തിവിള ദിനേശ് സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയം സീരിയലുകൾ ചെയ്തിട്ടുണ്ട്. ജഗതി ശ്രീകുമാറിന്റെ വലിയ ആരാധകനാണ് ശാന്തിവിള ദിനേശ്. തനിക്കിഷ്‌ടപ്പെട്ട വ്യക്തിത്വമാണ് ജഗതിയുടേതെന്ന് പല തവണ ശാന്തിവിള ദിനേശ് പറഞ്ഞിട്ടുണ്ട്. വാഹനാപടകത്തിൽ പരിക്ക് പറ്റിയ ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ജഗതി. വല എന്ന പുതിയ സിനിമയിൽ ഇദ്ദേഹം ഒരു വേഷം ചെയ്യുന്നുണ്ട്.
director lal friendship dileep santhiviladinesh