(moviemax.in)വിഷ്ണു മഞ്ചുവിന്റെ ഏറ്റവും പുതിയ സിനിമയായ കണ്ണപ്പയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറയുകയാണ് നടൻ . ശനിയാഴ്ച ഹൈദരാബാദിൽ നടന്ന താങ്ക് യൂ മീറ്റിലാണ് താരം സംസാരിച്ചത്. തന്റെ മുൻ പരാജയങ്ങളെക്കുറിച്ചും എന്തുകൊണ്ട് ബോളിവുഡിൽനിന്നുള്ള സംവിധായകനെ സിനിമ ചെയ്യാൻ ഏല്പിച്ചു എന്നതിനെക്കുറിച്ചും വിഷ്ണു മഞ്ചു സംസാരിച്ചു.
ഇങ്ങനെയൊരു ചിത്രം സംവിധാനംചെയ്യാൻ എന്തുകൊണ്ട് നവാഗതനായ മുകേഷ് കുമാർ സിംഗിനെ തിരഞ്ഞെടുത്തു എന്നായിരുന്നു വിഷ്ണുവിനോട് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങളിലൊന്ന്. അതിന് വിഷ്ണു നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
"ഞാൻ കണ്ണപ്പയുടെ തിരക്കഥയുമായി സമീപിച്ചാൽ ടോളിവുഡിൽ നിന്നുള്ള ഒരു സംവിധായകനും എന്റെ കൂടെ പ്രവർത്തിക്കാൻ തയ്യാറാകില്ലെന്ന് നിങ്ങൾ മാധ്യമങ്ങൾക്ക് നന്നായി അറിയാം. മാത്രമല്ല, എന്റെ അവസാനത്തെ കുറച്ച് ചിത്രങ്ങൾ നന്നായി ഓടിയതുമില്ല." വിഷ്ണു പറഞ്ഞു.
ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഏറെ പ്രചാരത്തിലുള്ള കണ്ണപ്പ എന്ന ശിവഭക്തന്റെ നാടോടിക്കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്.
മുകേഷ് കുമാർ സിംഗ് ഇന്ത്യൻ ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഷോ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കണ്ണപ്പ അദ്ദേഹത്തിന്റെ ആദ്യത്തെ മുഴുനീള സംവിധാന ചിത്രമായിട്ടും, ഞാൻ ഈ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു. അദ്ദേഹം ഒരു ഒളിഞ്ഞിരിക്കുന്ന രത്നമാണ്. അത്തരം കഴിവുകൾ മുന്നോട്ട് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു. സ്റ്റാർ പ്ലസിലെ പ്രശസ്തമായ മഹാഭാരതം പരമ്പര സംവിധാനം ചെയ്തയാളാണ് മുകേഷ് കുമാർ സിംഗ്.
സംവിധായകനൊപ്പം വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങളൊരുക്കിയത്. പ്രീതി മുകുന്ദനാണ് നായിക. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സ്റ്റീഫന്‍ ദേവസി.
vishnu manchu about kannappa movie success


































