പഹൽഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ ടെലിവിഷൻ താരവും സംവിധായകനുമായ അഖിൽ മാരാര്‍ക്കെതിരെ എടുത്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും ജൂൺ 10ന് രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.
അഖിൽ മാരാരുടെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറാനും നിർദേശമുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരാണ് അഖില മാരാർ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വിഡിയോ എന്ന കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമായിരുന്നു ചുമത്തിയത്. ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്റെ പരാതിയിലായിരുന്നു കേസ്.
അഖിൽ മാരാരുടെ പോസ്റ്റ് രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ളതാണ് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ താൻ ഇത് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഡിലീറ്റ് ചെയ്തിരുന്നു എന്നും കേസന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അഖില്‍ മാരാർ വാദിച്ചു.
എന്നാൽ കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കാം എന്നറിയിച്ച സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
Anti-national statement Akhil Marar granted anticipatory bail