May 28, 2025 04:36 PM

മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടന്‍’. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. "മാസായി വാരിയർ" എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.

ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കിളിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമയുമാണ് 'ഇന്നസെന്‍റ്'. മലയാളത്തിന് പുറമെ മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമ്മൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25ലധികം ഭാഷകളിൽ ആണ് ചിത്രം ഒരുക്കുന്നത്.

മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തീയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി.എം, നജുമുദീൻ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷ ചിത്രം നിർമ്മിക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം.പി.വി ഷാജികുമാർ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കിലി പോളിന് പുറമെ മറ്റ് ടാൻസാനിയൻ താരങ്ങളും ചിലവ് ഇന്ത്യൻ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. പബ്ലിസിറ്റി ഡിസൈന്: ടെൻ പോയിൻ്റ്സ്, പി. ആർ.ഓ: പി.ശിവപ്രസാദ്



maasaiwarrior film kilipaul filming starts october-

Next TV

Top Stories










News Roundup