മോഹൻലാൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ പ്രധാന രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം പോയെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ. വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രഭാസ്, അക്ഷയ് കുമാർ എന്നിവർ അതിഥിവേഷങ്ങളിലും പ്രീതി മുകുന്ദൻ, നയൻതാര, കാജൽ അഗർവാൾ തുടങ്ങിയവർ മറ്റ് പ്രധാന വേഷത്തിലിലുമെത്തുന്നുണ്ട്.
മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന HIVE സ്റ്റുഡിയോസ്, ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ ചിത്രത്തിന്റെ നിർമ്മാതാക്കളായ ഫയർ ഫ്രെയിംസിന്റെ ഫിലിം നഗറിലെ പ്രൊഡക്ഷൻ ഹൗസിലേക്ക് DTDC കൊറിയർ സർവീസിലേക്ക് അയച്ചു കൊടുത്തിരുന്നു. പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയ്യുന്ന രഘു എന്ന യുവാവ് കൊറിയർ ഏറ്റുവാങ്ങി, ചരിത എന്ന യുവതിക്ക് കൈമാറി എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
രഘുവും, ചരിതയും ഒളിവിൽ പോയതിനെ തുടർന്നാണ് നിർമ്മാതാക്കൾ പോലീസിൽ പരാതി നൽകുന്നത്. ചിത്രത്തെ നശിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും, തക്കതായ നടപടി ഉണ്ടാനെടുക്കണമെന്നും പരാതിയിൽ പറയുന്നു. രാജ്യത്തെ വിവിധ സിനിമ ഇന്ടസ്ട്രികളിൽ നിന്നും സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇതിഹാസ ചിത്രം വമ്പൻ ബജറ്റിലായിരുന്നു ഒരുക്കിയത്.
മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷെൽഡൺ ഷൗ ആണ്. നായക നടനായ വിഷ്ണു മഞ്ജുവിന്റെ പിതാവ് മോഹൻ ബാബുവാണ് കണ്ണപ്പ നിർമ്മിക്കുന്നത്. നിലവിലെ വിഷയത്തെ തുടർന്ന് ജൂൺ 27 ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റീലിസ് നീട്ടി വെച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.
harddrive containing key scenes from mohanlals film kannappa stolen