May 25, 2025 01:36 PM

(moviemax.in) മലയാളികളുടെ പ്രിയ ​ഗായകൻ എം.ജി. ശ്രീകുമാറിന്റെ പിറന്നാളാണ് ഞായറാഴ്ച. മലയാളികൾ ഇന്നും കേട്ടുകൊണ്ടിരിക്കുന്ന ശബ്ദമാണ് എം.ജി. ശ്രീകുമാറിന്റേത്. പിറന്നാളാഘോഷിക്കുന്ന പ്രിയ​ഗായകന് ആശംസകളുമായി എത്തിയിരിക്കുകയാണ് ​ഗായകൻ അഫ്സൽ.

ഇന്നും റിപ്പീറ്റ് വാല്യൂ സോം​ഗ്സിന്റെ രാജാവ് എന്നാണ് സോഷ്യൽ മീഡിയാ കുറിപ്പിൽ അദ്ദേഹം എം.ജി. ശ്രീകുമാറിനെ വിശേഷിപ്പിച്ചത്. മലയാളികളുടെ സ്വന്തം ശ്രീക്കുട്ടൻ ചേട്ടന് പിറന്നാൾ ആശംസകൾ. ഈ ശബ്ദത്തിലൂടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നൂറു കൂട്ടം ഗാനങ്ങളുടെ റിപ്പീറ്റ് വാല്യൂ ഇന്നും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.എം.ജി അണ്ണാ ആയുർ ആരോഗ്യ സൗഖ്യം നേരുന്നു എന്നും അഫ്സൽ കുറിച്ചു. എം.ജി. ശ്രീകുമാറിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.

കല്യാണരാമൻ എന്ന ചിത്രത്തിലെ തിങ്കളേ പൂത്തിങ്കളേ, കങ്കാരുവിലെ ഓട്ടോക്കാരൻ ജോസൂട്ടിക്ക്, 2 ഹരിഹർ ന​ഗറിലെ അടവുകൾ, ഏകാന്ത ചന്ദ്രികേ എന്നീ ​ഗാനങ്ങൾ അഫ്സലും എം.ജി. ശ്രീകുമാറും ഒരുമിച്ച് പാടിയതാണ്.

1957 മെയ് 25-നാണ് ഹരിപ്പാട് സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും സംഗീതജ്ഞയായിരുന്ന ഹരിപ്പാട് മേടയിൽവീട്ടിൽ കമലാക്ഷി മാരാസ്യാരുടേയും മൂന്നു മക്കളിൽ ഇളയ മകനായാണ് എം.ജി. ശ്രീകുമാറിന്റെ ജനനം. അന്തരിച്ച സം​ഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണൻ സഹോദരനും സം​ഗീതജ്ഞയായ ഡോ. ഓമനക്കുട്ടി സഹോദരിയുമാണ്. 1983-ൽ പുറത്തിറങ്ങിയ കൂലിയാണ് ആദ്യ ചിത്രം. പിന്നീടിതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.

ചതുരംഗം, താണ്ഡവം, അറബിയും ഒട്ടകവും പി. മാധവൻനായരും, അർദ്ധനാരി, ഞാനും എന്റെ ഫാമിലിയും, ഹസ്ബൻഡ്സ് ഇൻ ഗോവ, സകുടുംബം ശ്യാമള, ഒരു നാൾ വരും തുടങ്ങി 12 ഓളം സിനിമകളുടെ സംഗീത സംവിധാനമൊരുക്കി. മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി.ശ്രീകുമാറിന് ലഭിച്ചു.

Singer Afzal birthday wishes MGSreekumar

Next TV

Top Stories