(moviemax.in) ഒരു ചടങ്ങിൽ പങ്കെടുക്കവേ തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് നടിയും അവതാരകയുമായ ഐശ്വര്യ രഘുപതി മറുപടി നൽകിയ സംഭവത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണവർ. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ടപ്പോൾ നിശബ്ദത പാലിച്ച മാധ്യമങ്ങളുൾപ്പെടെയുള്ളവർക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് അവർ.
ഒരു സിനിമയുടെ പ്രചാരണ പരിപാടിയിൽ അവതാരകയായിരുന്നു ഐശ്വര്യ. ചടങ്ങിൽ സംസാരിക്കുന്നതിനിടെ കടുത്ത വേനൽ ചൂടിൽ മുൻകരുതലുകൾ എടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ഇതിനോടുള്ള പ്രതികരണമായി, ജനക്കൂട്ടത്തിൽ നിന്ന് ഒരു മാധ്യമപ്രവർത്തകൻ, അവർ സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ചത് ചൂടിനെ അതിജീവിക്കാനാണോ എന്ന് ചോദിച്ചു.
തന്റെ വസ്ത്രധാരണം എന്തിനാണ് ഒരു സിനിമാ പരിപാടിയിൽ ചർച്ചാ വിഷയമായതെന്ന് ഐശ്വര്യ തിരിച്ച് ചോദിച്ചു. "വെള്ളം കുടിക്കുന്നതും എന്റെ സാരിയും തമ്മിൽ എന്തു ബന്ധം? എന്തുകൊണ്ട് നിങ്ങളാരും അന്ന് അയാളെ ചോദ്യം ചെയ്തില്ല?" അവർ ചോദിച്ചു.
തിങ്കളാഴ്ച മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഐശ്വര്യ രഘുപതി ഇതേ വിഷയത്തേക്കുറിച്ച് വീണ്ടും സംസാരിച്ചത്. "ഞാൻ ചൂടിനെ പ്രതിരോധിക്കാൻ വേണ്ടിയാണോ സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ചതെന്ന ചോദ്യം മനസ്സിലാക്കാൻ എനിക്ക് അഞ്ച് സെക്കൻഡ് വേണ്ടിവന്നു.
ദേഷ്യത്തോടെ പ്രതികരിക്കണോ അതോ ശാന്തയായിരിക്കണോ എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അന്ന് പ്രതികരിച്ചില്ലായിരിക്കാം, പക്ഷേ ആളുകൾ പ്രതികരിച്ചു. ഞാൻ ക്ഷമയോടെ നിന്നതുകൊണ്ട് എന്നെ കീഴടക്കാമെന്ന് നിങ്ങളെപ്പോലുള്ള പുരുഷന്മാർ കരുതുന്നുണ്ടോ?" ഐശ്വര്യയുടെ വാക്കുകൾ.
വിവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞയാഴ്ച ഐശ്വര്യ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. "ഇന്നും നമ്മുടെ സമൂഹത്തിലെ പല പുരുഷന്മാരും പുരുഷാധിപത്യത്തിന്റെയും അഹങ്കാരത്തിന്റെയും ബോധം പേറുന്നു എന്നത് ഹൃദയഭേദകമാണ്. ഇതിനേക്കാൾ നിരാശാജനകം, കൂടുതൽ വിവരമുള്ളവരായിരിക്കേണ്ട മാധ്യമപ്രവർത്തകനെപ്പോലുള്ള ഒരാളിൽ നിന്ന് അത്തരം പെരുമാറ്റം ഉണ്ടാകുമ്പോഴാണ്." അവർ എഴുതി.
ഇതാദ്യമായല്ല ഐശ്വര്യ വേദിയിൽവെച്ച് അസുഖകരമായ അനുഭവങ്ങൾ നേരിടുന്നത്. മുൻപ് ഒരു പരിപാടിയിൽ, ഒരു നടൻ തന്നെ മാലയിടാൻ ശ്രമിക്കുന്നതിനിടയിൽ വ്യക്തിപരമായ അതിരുകൾ ലംഘിച്ചെന്നും, ഈ സംഭവം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ധനുഷ് നായകനായ 2024-ൽ പുറത്തിറങ്ങിയ 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലാണ് ഐശ്വര്യ ഒടുവിൽ വേഷമിട്ടത്.
Actress Aishwaryaraghupathi responds question whether she wore sleeveless blouse to combat heat