തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. നടി സായ് ധൻസികയാണ് വധു. പുതിയ ചിത്രമായ യോഗി ദായുടെ പ്രീ-റിലീസ് പരിപാടിയിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടിത്തിയത്. വിവാഹം ഈ വർഷം ആഗസ്റ്റ് 29 ന് നടക്കുമെന്നും ഇവർ അറിയിച്ചു.
വിശാലും സായ് ധൻസികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെതന്നെ സജീവമായിരുന്നു. അഭിനേതാക്കൾ ഉടൻ വിവാഹിതരാകുമെന്നും ഈ വർഷം തന്നെ വിവാഹം കഴിക്കുമെന്നും വാർത്തകൾ വന്നിരുന്നു. അതിനിടയിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹവിവരം സ്ഥിരീകരിച്ചത്.
തമിഴ് താരസംഘടനയായ നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടായതിനുശേഷം മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന് വിശാൽ ഒരിക്കൽ പറഞ്ഞിരുന്നു. കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാകാറായതോടെ, വിവാഹത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ അടുത്തിടെ അദ്ദേഹത്തോട് ചോദിച്ചിരുന്നു. എല്ലാ വിവരങ്ങളും ഉടൻ തന്നെ പുറത്തുവിടുമെന്നായിരുന്നു വിശാലിന്‍റെ മറുപടി.
'കബാലി'യിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് സായ് ധൻസിക. 'പേരൺമൈ' (2009), 'മാഞ്ച വേലു' (2010), തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അവർ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. 'നിൽ ഗവാനി സെല്ലതേ' (2010). അരവാൻ, പരദേശി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും സായ് ധൻസിക നിരൂപക പ്രശംസ നേടി. കബാലിയിൽ രജനീകാന്തിന്റെ മകളായാണ് അഭിനയിച്ചത്. തമിഴ് സിനിമകൾക്ക് പുറമേ, നിരവധി തെലുങ്ക് ചിത്രങ്ങളിലും ധൻസിക അഭിനയിച്ചിട്ടുണ്ട്.
vishal and sai dhanshika announce their marriage date