(moviemax.in) സിനിമയിൽ നായിക റോളുകളേക്കാൾ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് വരലക്ഷ്മി ശരത്കുമാർ. താരപുത്രിയാണെങ്കിൽ കൂടിയും തന്റേതായ വ്യക്ത്വത്തമാണ് വരലക്ഷ്മിക്കുള്ളത്. ഇപ്പോഴിതാ മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷമുള്ള തന്റെ കുട്ടിക്കാലം എങ്ങനെയായിരുന്നുവെന്ന് തുറന്ന് പറയുകയാണ് നടി. വിവാഹബന്ധം വേർപ്പെടുത്തിയെന്ന് കരുതി അമ്മ തന്നേയും സഹോദരിയേയും ഒരിക്കലും അച്ഛനിൽ നിന്ന് അകറ്റിയിട്ടില്ലെന്ന് വരലക്ഷ്മി പറഞ്ഞു.
എല്ലാവർക്കും എന്റെ അപ്പ അദ്ദേഹം ഒരു ഹീറോയാണ്. പക്ഷെ വിവാഹമോചിതരായ ദമ്പതികളുടെ കുട്ടികളാകുമ്പോൾ മാതാപിതാക്കളിൽ ആരെങ്കിലും ഒരാളുമായി ഒരു അകൽച്ച സംഭവിച്ചേക്കും. എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞ സമയത്ത് വിവാഹമോചനം അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല ഇന്നത്തേപ്പോലെ വേർപിരിഞ്ഞ ദമ്പതികളുടെ കുഞ്ഞുങ്ങളാണെന്ന് മനസിലാക്കി ചുറ്റുമുള്ളവർ പരിഗണിക്കുന്ന രീതിയും ഇല്ല.
എനിക്ക് ഓർമയുണ്ട്... അപ്പയും അമ്മയും വേർപിരിഞ്ഞപ്പോൾ എല്ലാ മാസവും രണ്ടാം തിയ്യതി എന്നെ വന്ന് കാണാനുള്ള അനുവാദമായിരുന്നു കോടതി അപ്പയ്ക്ക് നൽകിയിരുന്നത്. കോടതി നിശ്ചയിച്ച ദിവസങ്ങളിൽ കാണാൻ മാത്രമെ അനുവാദമുള്ളു എന്നായിരുന്നു വിധി. എന്നാൽ അമ്മ എന്നോട് പറഞ്ഞു... കോടതി അവരുടെ തീരുമാനം പറയും... നിനക്ക് നിന്റെ അപ്പയുമായുള്ള ബോണ്ട് എന്താണെന്നത് എനിക്ക് മാത്രമെ അറിയൂ.
നിനക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം അപ്പയെ പോയി കണ്ടോളൂ. ദിവസവും പോയി കാണണമെന്ന് തോന്നുകയാണെങ്കിലും ധൈര്യമായി പൊയ്ക്കോളൂ. എനിക്ക് അതിൽ ഒരു എതിർപ്പുമില്ല. അമ്മ അന്ന് ആ വിഷയത്തിൽ വളരെ തുറന്ന മനസോടെയാണ് സംസാരിച്ചത്. ഒരു വിളിപ്പാടകലെ എപ്പോഴും അപ്പ എനിക്ക് ഇക്കാലമത്രെയും ഉണ്ടായിരുന്നു എന്നാണ് വരലക്ഷ്മി പറഞ്ഞത്. തമിഴ് സിനിമയിൽ നായകനായി അരങ്ങേറും മുമ്പ് തന്നെ ശരത്കുമാർ വിവാഹിതനായിരുന്നു.
1984ൽ ആയിരുന്നു ഛായയുമായുള്ള ശരത്കുമാറിന്റെ വിവാഹം. ശേഷം നാല് വർഷം പിന്നിട്ടപ്പോൾ സിനിമയിൽ അരങ്ങേറി. ഒരു സമയത്ത് തെന്നിന്ത്യയിൽ ഏറെ ആരാധകരുണ്ടായിരുന്ന സ്റ്റൈലിഷ് നായകനായിരുന്നു ആർ. ശരത്കുമാർ. പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം രണ്ടായിരത്തിലാണ് ഇരുവരും വിവാഹമോചിതരായത്. ഛായയുമൊത്തുള്ള ദാമ്പത്യത്തിൽ വരലക്ഷ്മിയെ കൂടാതെ ഒരു മകൾ കൂടി ശരത്തിനുണ്ട്.
പിന്നീട് 2001ൽ നടി രാധിക ശരത്തിന്റെ ജീവിതസഖിയായി എത്തി. ബന്ധം വേർപ്പെടുത്തിയെങ്കിലും ശരത്കുമാറുമായും രാധികയുമായും നല്ലൊരു സൗഹൃദം ഛായയ്ക്കുണ്ട്. വരലക്ഷ്മിയുടെ വിവാഹത്തിന് എല്ലാ കാര്യങ്ങളും ചെയ്യാൻ ഛായയെ സഹായിക്കാൻ രാധിക ഒപ്പമുണ്ടായിരുന്നു. അച്ഛന്റെ രണ്ടാം ഭാര്യയായിട്ടല്ല തന്റെ നല്ലൊരു സുഹൃത്ത് എന്ന രീതിയിലാണ് രാധികയെ വരലക്ഷ്മി സ്നേഹിക്കുന്നത്. അടുത്തിടെയായിരുന്നു വരലക്ഷ്മിയുടെ വിവാഹം.
ബിസിനസുകാരനായ നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയെ വിവാഹം ചെയ്തത്. പതിനഞ്ച് വർഷത്തോളം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. വരലക്ഷ്മിയുടെ കുടുംബ സുഹൃത്തുമായിരുന്നു നിക്കോളായ്. നിക്കോളായ് വിവാഹമോചിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ്. 2008 ൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത പ്രണയ ചലച്ചിത്രമായ പോടാ പോടീയിൽ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു വരലക്ഷ്മി അരങ്ങേറിയത്.
varalaxmi sarathkumar about childhood parents divorce