തുടര്‍ച്ചയായി സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വരുന്നതില്‍ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തുടരും സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസ്സില്‍ പ്രദര്‍ശിപ്പിച്ചത്. പുറകില്‍ വന്ന കാര്‍ യാത്രക്കാര്‍ ദൃശ്യങ്ങള്‍ സഹിതം നടന്‍ ബിനു പപ്പുവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ പൊലീസിലും സൈബര്‍സെല്ലിലും പരാതി നല്‍കിയിരുന്നു.
ഇതില്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനു പിന്നാലെയാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനും പരാതിയുമായി രംഗത്ത് വന്നത്. മുമ്പും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയുരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതോടെയാണ് സര്‍ക്കാരിന് പരാതി നല്‍കുന്നത്.
തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
വ്യാജ പതിപ്പുകള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇതോടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
Continuous fake versions Telegram' Producers Association files complaint with government