പഹൽഗാം ആക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ നീക്കത്തെ പ്രകീർത്തിച്ച് നിരവധിപ്പോരാണ് പോസ്റ്റുകൾ പങ്കുവച്ചത്. ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നുവെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ മോഹൻലാലിന്റെ പോസ്റ്റിന് താഴെ വലിയ സൈബർ ആക്രമണം തന്നെയാണ് നടക്കുന്നത്.
എമ്പുരാൻ ഇറങ്ങിയ സമയത്ത് താരം നേരിട്ട അതേ രീതിയിലുള്ള സൈബർ ആക്രമണം തന്നെയാണ് ഇപ്പോഴും നടക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി ഇന്ത്യന്‍ സൈന്യം നടത്തിയ പ്രവൃത്തിയെ പ്രശംസിക്കുമ്പോഴാണ് സംഘപരിവാര്‍ അനുകൂലികള്‍ സൈബർ ആക്രമണം നടത്തുന്നത്. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ നടപടികള്‍ക്ക് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ദൗത്യത്തിന്റെ പേരിലുള്ള പോസ്റ്റര്‍ പങ്ക് വെച്ചിരുന്നു. ഈ ചിത്രം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലെ കവര്‍ ഫോട്ടോ ആക്കുകയും ചെയ്തിരുന്നു. ഇതിന് താഴെയും താരം പങ്കുവച്ച പോസ്റ്റിന് താഴെയും ആണ് സംഘപരിവാര്‍ അനുകൂലികള്‍ അധിക്ഷേപകരമായ കമന്റുകൾ ഇടുന്നത്.
‘ഇതെല്ലാം പറഞ്ഞ് ഇനി രായപ്പന്റെ കൂടെ കൂടി തീവ്രവാദികളെ വെളുപ്പിക്കുന്ന സിനിമയും ചെയ്യും…. നാണമില്ലേ….., കഥ മാറ്റി സിനിമ ഒന്നും എടുത്തേക്കരുത്...അപേക്ഷ ആണ്, ഒപ്പേറഷൻ സിന്ദൂർ നടത്തിയത് സംഘികൾ ആണെന്നും അതിന് പ്രതികാരം ചെയ്യാൻ മസൂദ് അസറിന്റെ കൊച്ചുമകൻ വരുന്നു എന്നുപറഞ്ഞു ഏതെങ്കിലും രാജ്യവിരുദ്ധർ സിനിമ ഇറക്കിയാൽ അതിൽ പോയി അഭിനയിച്ചക്കരുത്.
എല്ലാ സിനിമയെയും സിനിമയായി മാത്രം കാണാൻ കഴിയില്ല , അതുകൊണ്ടാണ്.., ഈ പോസ്റ്റ് കണ്ട് കലികേറിയ പൃഥ്വിരാജ് എമ്പുരാന്‍ 3 ല്‍ നിന്ന് ഏട്ടനെ ഒഴിവാക്കുന്നു. പകരം എബ്രഹാം ഖുറേഷി ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതായും, പിന്‍ഗാമിയായി സായിദ് മസൂദ് വരുന്നതായും കാണിക്കുന്നു.’ എന്നു തുടങ്ങുന്നു കമന്റുകൾ.
എമ്പുരാന്‍ സിനിമയില്‍ ഗുജറാത്ത് കലാപത്തിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചതോടെയാണ് നടന്മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ സംഘപരിവാര്‍ ആക്രമണം രൂക്ഷമായത്. ഇതിന് പിന്നാലെ സിനിമ ബഹിഷ്‌കരിക്കാന്‍ വരെ ആഹ്വാനം ഉണ്ടായിരുന്നു. ആര്‍ എസ് എസ് മുഖപത്രങ്ങളില്‍ മോഹന്‍ലാലിവനും പൃഥ്വിരാജിനും എതിരെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ മിന്നലാക്രണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു ഇന്നു പുലർച്ചെ നടത്തിയ ആക്രമണം. കര, നാവിക. വ്യോമ സേനകൾ സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം നടത്തിയത്.
mohanlal fb post attack