(moviemax.in ) പാകിസ്ഥാനിലെ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍.
"പാരമ്പര്യത്തിന്‍റെ ഭാഗം എന്ന നിലയില്‍ മാത്രമല്ല നാം സിന്ദൂരം തൊടുന്നത്. നമ്മുടെ ഇളകാത്ത നിശ്ചയദാര്‍ഢ്യത്തിന്‍റെ മുദ്രയായി കൂടിയാണ്. വെല്ലുവിളി വരുമ്പോള്‍ നാം ഉയരും, എപ്പോഴത്തേതിലും ഭയരഹിതമായും ശക്തമായും. ഇന്ത്യന്‍ ആര്‍മിയിലെയും നേവിയിലെയും എയര്‍ ഫോഴ്സിലെയും ബിഎസ്എഫിലെയും ഓരോ ധീര ഹൃദയങ്ങള്‍ക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളിലെ അഭിമാനത്തെ ഉണര്‍ത്തുന്നത്. ജയ് ഹിന്ദ്", മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നേരത്തെ ഓപറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ ഒരു ചിത്രീകരണം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ തന്‍റെ കവര്‍ ഇമേജ് ആക്കിയിരുന്നു. അദ്ദേഹത്തിന്‍റെ പോസ്റ്റിന് വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നേരത്തെ മമ്മൂട്ടിയും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും സ്ഥിതി ചെയ്യുന്ന നിരോധിത ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നീക്കം നടത്തിയത്. അതേസമയം ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേര്‍ന്ന ഉന്നതതല യോഗം അവസാനിച്ചു.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സുരക്ഷാകാര്യങ്ങളിലെ പ്രത്യേക യോഗവും മന്ത്രിസഭാ യോഗവുമാണ് ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 11ന് ആരംഭിച്ചത്. യോഗം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നിര്‍ണായക യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് മുമ്പായി പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഇന്ത്യ ആക്രമണത്തിന്‍റെ വിവരം അറിയിച്ചു.
mohanlal appreciates indian army after operation sindoor