(moviemax.in ) രണ്ടുദിവസങ്ങൾക്കുമുൻപ് അന്തരിച്ച നടൻ വിഷ്ണുപ്രസാദിനെ അനുസ്മരിച്ച് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് വിഷ്ണുപ്രിയ പറഞ്ഞു. തൻ്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിൻ്റെ മുറിവുകൾ ഒരിക്കലും പൂർണ്ണമായി ഉണങ്ങിയിരുന്നില്ല. ഇപ്പോൾ വിഷ്ണുപ്രസാദിന്റെ മരണം തന്റെ ഹൃദയത്തിൽ മറ്റൊരു ആഴത്തിലുള്ള വേദന കൂടി ചേർക്കുന്നു. താൻ തനിച്ചായിരുന്നപ്പോൾപോലും ജീവിതത്തിൽ മുന്നോട്ടുപോകാൻ ശക്തി നൽകിയത് വിഷ്ണുപ്രസാദ് ആയിരുന്നെന്നും അവർ അനുസ്മരിച്ചു.
"തൻ്റെ രണ്ട് പൊന്നോമനകൾക്ക് വേണ്ടി, ഒരു പൂർണ്ണമായ ജീവിതത്തിലേക്ക് മടങ്ങിവരാൻ മാസങ്ങളും ദിവസങ്ങളും അവൻ ധീരമായി പോരാടി. അവൻ്റെ ശക്തിയും, അതിജീവനശേഷിയും, സ്നേഹവും ഒരിക്കലും കുറഞ്ഞില്ല. എനിക്കവനെ ഒരുപാട് മിസ് ചെയ്യും. അവൻ്റെ രാവിലെയുള്ള സന്ദേശങ്ങൾ, അവൻ്റെ വിളികൾ, അവൻ്റെ നിരുപാധികമായ സ്നേഹം, ഞങ്ങളുടെ നിസ്സാര വഴക്കുകൾ, ഞങ്ങൾ പങ്കിട്ട ആ അമൂല്യമായ ബന്ധവും ഓർമയിലുണ്ട്.
ഇപ്പോഴും, അവന് സുപ്രഭാതം ആശംസിക്കാനും... അമ്മയോടും അച്ഛനോടുമൊപ്പമുള്ള ആ സുവർണ്ണ ദിവസങ്ങളിലെ ഓർമ്മകൾ പങ്കുവെക്കാനും എൻ്റെ കൈ ഫോണിലേക്ക് നീണ്ടുപോകാറുണ്ട്. ഇപ്പോൾ, ആ നിമിഷങ്ങൾ എൻ്റെ ഹൃദയത്തിൽ മാത്രം ജീവിക്കുന്നു. എൻ്റെ കണ്ണനെ സഹായിക്കുകയും, പിന്തുണയ്ക്കുകയും, പ്രാർത്ഥിക്കുകയും, കൂടെ നിൽക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള ആഴമായ നന്ദി അറിയിക്കുന്നു. ദയവായി അവനെയും അവൻ്റെ കുടുംബത്തെയും നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും തുടർന്നും ഓർക്കുക." വിഷ്ണുപ്രിയയുടെ വാക്കുകൾ.
കരൾരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിഷ്ണുപ്രസാദിന്റെ അന്ത്യം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു മരണം. കരൾ നൽകാൻ മകൾ തയ്യാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. ശസ്ത്രക്രിയയ്ക്കുള്ള ചെലവിനായി 30 ലക്ഷത്തോളം രൂപ സമാഹരിക്കാനായി സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മ അടക്കം മുന്നോട്ടുവന്നിരുന്നു.
Sister Vishnupriya remembers actor VishnuPrasad passed away two days ago