(moviemax.in ) കരിയറിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോൾ അകാലത്തിൽ വിടപറഞ്ഞ ഫിലിം എഡിറ്ററാണ് നിഷാദ് യൂസഫ്. അദ്ദേഹത്തെ കഴിഞ്ഞവർഷം ഒക്ടോബറിൽ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ തരുൺ മൂർത്തി-മോഹൻലാൽ ചിത്രമായ തുടരും നിഷാദ് യൂസഫ് എഡിറ്റ് ചെയ്ത സിനിമയാണ്. ചിത്രം വിജയക്കുതിപ്പ് തുടരവേ തരുൺ മൂർത്തി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
സഹോദരാ, നമ്മുടെ ചിത്രം തകർത്തോടുകയാണ്. നിന്റെ ജോലി ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണ് എന്നാണ് തരുൺ മൂർത്തി എഴുതിയത്. തുടരും എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ നിഷാദ് യൂസഫ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സീനിന്റെയും ഇതിന്റെ ലൊക്കേഷനിൽനിന്നുള്ളതുമായ ഏതാനും ചിത്രങ്ങളും തരുൺ മൂർത്തി പങ്കുവെച്ചിട്ടുണ്ട്. ഹൃദയചിഹ്നവും നിഷാദ് യൂസഫ് എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ്. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, കങ്കുവ, ബസൂക്ക എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022-ൽ തല്ലുമാലയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ കങ്കുവ എന്ന ചിത്രം റീലിസ് ചെയ്യാനിരിക്കെയായിരുന്നു നിഷാദിന്റെ മരണം.
മോഹന്‍ലാലിന്റെ 360-ാം ചിത്രമാണ് 'തുടരും'. ശോഭനയാണ് നായിക. ഓപ്പറേഷന്‍ ജാവയ്ക്കും സൗദി വെള്ളക്കയ്ക്കും ശേഷം തരുണിന്റെ മൂന്നാമത്തെ ചിത്രമാണ് 'തുടരും'. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍. സുനിലിന്റേതാണ് കഥ. സുനിലും തരുണും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.
സംവിധായകന്‍ ഭാരതിരാജ, പ്രകാശ് വര്‍മ, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, അമൃതവര്‍ഷിണി, ഇര്‍ഷാദ് അല, ആര്‍ഷ ബൈജു, സംഗീത് പ്രതാപ്, ഷോബി തിലകന്‍, ജി. സുരേഷ് കുമാര്‍, ശ്രീജിത് രവി, അര്‍ജുന്‍ അശോകന്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം. നിഷാദ് യൂസുഫ്, ഷഫീഖ് വി.ബി. എന്നിവരാണ് എഡിറ്റര്‍മാര്‍. വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നു. സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം.
nishadyusuf film editor dies tharunmoorthy