(moviemax.in ) അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് നടൻ ജഗതി ശ്രീകുമാർ, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു നടൻ. സംസാര ശേഷിയുൾപ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജഗതി ശ്രീകുമാർ ഇന്നും. 2012 മാർച്ച് മാസത്തിലാണ് ഷൂട്ടിംഗ് സെറ്റിലേക്ക് പോകവെ ജഗതി സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമുള്ള പാണമ്പ്രയിലെ വളവിൽ വെച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ച കാർ ഡിവെെഡറിൽ ഇടിക്കുകയായിരുന്നു.
ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് നടനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച സായ് കുമാറും ബിന്ദു പണിക്കറും. എല്ലാ കാര്യത്തിലും നല്ല അറിവുള്ള മനുഷ്യനാണ് ജഗതി ശ്രീകുമാറെന്ന് താര ദമ്പതികൾ പറയുന്നു. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജഗതിയിൽ നിന്നും മോശമായ അനുഭവമുണ്ടായോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലും അങ്ങനെയുണ്ടായിട്ടില്ലെന്നാണ് ബിന്ദു പണിക്കർ നൽകിയ മറുപടി.
ഞാൻ ഇതുവരെ കേട്ടിട്ടില്ല. കേട്ടത് ഓരോ കേസുകൾ വരുമ്പോൾ അതിലുണ്ട് ഇതിലുണ്ട് എന്നാെക്കെയാണ്. നമ്മുടെ കണ്ണിന്റെ മുമ്പിൽ അങ്ങനെ ആരോടും പെരുമാറുന്നത് കണ്ടിട്ടേയില്ലെന്ന് ബിന്ദു പണിക്കർ പറയുന്നു. ഇതേക്കുറിച്ച് സായ് കുമാറും അഭിപ്രായം പങ്കുവെച്ചു. അതിനുള്ള സമയമൊന്നും അങ്ങേർക്കില്ല. അനിയാ രണ്ട് മണിക്കൂറെന്ന് പറഞ്ഞ് നമ്മുടെ മുറിയിൽ കിടന്നുറങ്ങിയ ആളാണ്. അത് പോലെ തിരക്കായിരുന്നു. ഒരെണ്ണം അടിക്കാൻ പോലുമുള്ള സമയമില്ലായിരുന്നെന്നും സായ് കുമാർ പറയുന്നു.
ജഗതിക്കുണ്ടായ അപകടത്തെക്കുറിച്ചും സായ് കുമാർ സംസാരിച്ചു. അത് വിശ്വസിക്കാൻ പറ്റില്ല. ആ ഡിവെെഡറിൽ ഒരിക്കലും ലെഫ്റ്റ് സെെഡ് ഇടിക്കില്ല. ചിലപ്പോൾ സംഭവിച്ച് കൂടായ്കയില്ല. പുള്ളിയുടെ വണ്ടിയല്ലായിരുന്നു. മുൻ സീറ്റിൽ ചാരിയേ ഉറങ്ങൂ. ഡ്രെെവർ സൂക്ഷിച്ചേ കൊണ്ട് പോകുമായിരുന്നുള്ളൂ. എന്നാലത് പ്രൊഡക്ഷന്റെ വണ്ടിയായിരുന്നെന്നും സായ് കുമാർ ചൂണ്ടിക്കാട്ടി.
സിനിമകളിൽ അവസരങ്ങൾ ഇല്ലാതായതിനെക്കുറിച്ചും സായ് കുമാറും ബിന്ദു പണിക്കറും സംസാരിക്കുന്നുണ്ട്. ചില രീതിയിൽ ഞങ്ങളെ മാറ്റി നിർത്തിയിട്ടുണ്ട്. സായ് കുമാറും ബിന്ദു പണിക്കരും സിനിമയിൽ വേണ്ടെന്ന് തീരുമാനിച്ചവരുണ്ട്. ഇടക്കാലത്ത് റോഷാക്കിൽ വന്നപ്പോൾ എന്താ ചേച്ചി അഭിനയം നിർത്തിയതായിരുന്നോ എന്ന് പലരും ചോദിച്ചു. വിളിച്ചില്ല എന്നതാണ് സത്യം. വർക്ക് വന്നാൽ എപ്പോഴും ചെയ്യാൻ തയ്യാറാണെന്ന് ബിന്ദു പണിക്കർ വ്യക്തമാക്കി.
സിനിമ നടക്കുന്നുണ്ടോ വർക്കുണ്ടോ എന്ന് ചോദിക്കുന്ന സ്വഭാവം സായ് ചേട്ടനും എനിക്കുമില്ല. പണ്ട് മുതലേ ഇല്ല. വിളിച്ചാൽ പോകും. സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ ഒരുപാട് യാത്ര ചെയ്തെന്ന് സായ് കുമാർ പറയുന്നു. സിനിമാ ഫീൽഡിൽ നടക്കുന്ന വിവരങ്ങൾ ഏറ്റവും അവസാനം അറിയുന്നത് ഞങ്ങളാണ്. ഭയങ്കര അത്ഭുതത്തോടെ സിദ്ദിഖിനോട് എടാ നീ അറിഞ്ഞോ എന്ന് ചോദിച്ചാൽ അത് എന്നോ അറിഞ്ഞു നീ ഇപ്പോഴാണോ അറിയുന്നത് എന്ന് ചോദിക്കുമെന്നും സായ് കുമാർ പറയുന്നു.
എമ്പുരാനാണ് അടുത്ത കാലത്ത് സായ് കുമാർ ചെയ്ത ശ്രദ്ധേയ മലയാള സിനിമ. ഏറെക്കാലം അഭിനയ രംഗത്ത് കാണാതിരുന്ന ബിന്ദു പണിക്കർ റോഷാക്ക് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തി. മമ്മൂട്ടി നായകനായ സിനിമയിൽ വില്ലൻ വേഷത്തിലാണ് ബിന്ദു പണിക്കർ അഭിനയിച്ചത്. പിന്നീടിങ്ങോട്ട് നടി തുടരെ സിനിമകൾ ചെയ്യുന്നുണ്ട്.
bindupanicker shares her experience jagathysreekumar