(moviemax.in ) ബേസില്‍ ജോസഫ് എല്ലാ ആഴ്ചയിലും സിനിമയുമായി വന്നാല്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് നടി കീര്‍ത്തി സുരേഷ്. ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡ്സ് 2025 വേദിയില്‍ വച്ചാണ് ബേസിലിനെ കുറിച്ചുള്ള കീര്‍ത്തിയുടെ പരാമര്‍ശം. അഭിനയത്തിലായാലും സംവിധാനത്തിലായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ബേസില്‍ എന്ന് പറഞ്ഞ് അഭിനന്ദിച്ചു കൊണ്ടാണ് നടി സംസാരിച്ചത്.
”തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് ബേസില്‍. അഭിനയത്തിലായാലും സംവിധാനത്തിലായാലും അത് കാണാം. പിന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് ഇങ്ങനെ ഓരോ ആഴ്ചയും ഓരോ സിനിമയുമായി വന്നാല്‍ ഞങ്ങള്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകും. വീക്കിലി സ്റ്റാറാണ് ബേസില്‍. എല്ലാ ആഴ്ചയും ഓരോ സിനിമ കാണും.”
”ഇതൊരു തമാശയായി പറഞ്ഞതാണ്. നടനായും സംവിധായകനായും ബേസില്‍ നേടിയിട്ടുള്ള എല്ലാ വിജയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ബേസില്‍ അഭിനയിച്ചതില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം ഗുരുവായൂരമ്പലനടയില്‍ ആണ്. സംവിധാനം ചെയ്തതില്‍ മിന്നല്‍ മുരളിയും” എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്.
അതേസമയം, മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമാണ് ജെഎഫ്ഡബ്ല്യു വേദിയില്‍ ബേസില്‍ ഏറ്റുവാങ്ങിയത്. നുണക്കുഴി, സൂക്ഷ്മദര്‍ശിനി, ഗുരുവായൂരമ്പലനടയില്‍ തുടങ്ങി 2024ല്‍ തിയേറ്ററുകളിലെത്തിയ വിവിധ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ബേസിലിന് അവാര്‍ഡ് ലഭിച്ചത്.
keerthysuresh called basiljoseph weeklystar