(moviemax.in ) മോഹന്‍ലാലിന്റെ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമ ബസില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് നിന്നും പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.
ഇതിനെതിരെ നിയമനടപടി എടുക്കുമെന്ന് നിര്‍മ്മാതാവ് എം രഞ്ജിത്ത് വ്യക്തമാക്കി. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്ത്ിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.
ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.
എഡിറ്റിങ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്. ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
thudarum movie pirated copy screened touristbus