May 4, 2025 07:25 PM

പരസ്യമായി മാപ്പ് പറഞ്ഞ് അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശത്തിലാണ് അഖില്‍ മാരാര്‍ മാപ്പ് പറഞ്ഞത്. കേരളത്തിലെ ലഹരി ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിക്കവെ അഖില്‍ മാരാര്‍ നടത്തിയൊരു പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ വിശ്വകര്‍മ്മ സമൂഹത്തില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഖില്‍ മാരാര്‍ മാപ്പ് പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയായിരുന്നു അഖില്‍ മാരാരുടെ ഖേദ പ്രകടനം. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തനിക്ക് യാതൊരു മടിയും ഇല്ലെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

''അറിഞ്ഞോ അറിയാതെയോ വാക്കോ പ്രവര്‍ത്തിയോ മറ്റൊരാളെ വേദനിപ്പിച്ചാല്‍ അവരോട് മാപ്പ് പറയാന്‍ യാതൊരു മടിയും ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. എന്റെ എഴുത്തു വിശ്വ കര്‍മ സമുദായത്തിലെ ഒരു വിഭാഗത്തിന് വേദനയും വിഷമവും ഉണ്ടാക്കിയെങ്കില്‍ നിങ്ങളോട് ഞാന്‍ ഹൃദയത്തില്‍ നിന്നും മാപ്പ് പറയുന്നു'' എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.


''എന്റെ അച്ഛന്‍ പഠിച്ചതും ചെയ്തതും ആശാരി പണിയും, മേശിരി പണിയുമാണ്. സൗദിയില്‍ 15 വര്‍ഷം ചെയ്ത ജോലിയും പിന്നീട് നാട്ടില്‍ ചെയ്ത ജോലിയും ഇത് തന്നെയാണ്. 7 വര്‍ഷം മുന്‍പ് രണ്ട് നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ തട്ടിന്റെ പണി ചെയ്യവേ പലക ഇളകി പുറത്തടിച്ചു താഴെ റോഡിലേക്ക് വീണ് ഒരു വര്‍ഷത്തോളം മെഡിക്കല്‍ കോളേജില്‍ കിടപ്പിലായ പിന്നീട് ജോലി ചെയ്യാന്‍ കഴിയാത്ത ഒരവസ്ഥയില്‍ ആയ ആളാണ്.'' എന്നും അഖില്‍ മാരാര്‍ പറയുന്നു.

ഞാന്‍ എഴുതിയത് ആരെയും ആക്ഷേപിക്കുക എന്ന ചിന്തയില്‍ ആയിരുന്നില്ല. മറിച്ചു നമ്മുടെ നാട്ടില്‍ കാലങ്ങള്‍ ആയി പറയുന്ന ഒരു തമാശ ആവര്‍ത്തിച്ചു എന്ന് മാത്രം എന്നും അഖില്‍ മാരാര്‍ പറയുന്നു. അഖില്‍ മാരാരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.


'വളരെ ശരിയാണ്. ചോറുണ്ണാന്‍ വിളിക്കുമ്പോള്‍ ആശാരി രണ്ടടി കൂടുതല്‍ അടിക്കും എന്നൊരു വാമൊഴി വര്‍ഷങ്ങളായി ഉള്ളതാണ്. അതില്‍ ഇത്രയ്ക്ക് രോഷം കൊള്ളാന്‍ ഒന്നുമില്ല. ഞാനും ഒരാശാരി കുടുംബത്തിലേയാ'' എന്നായിരുന്നു ഒരാളുടെ കമന്റ്. ''ഊണ് സമയത്ത് വിളിക്കുമ്പോള്‍ ആശാരിക്ക് രണ്ടടി കൂടുതല്‍ ആണ്. ഇതാണ് ആ പഴഞ്ചൊല്ല്. കാലം മാറി. ഇനി അങ്ങനെ പഴയാന്‍ പറ്റില്ല മാരാരേ. സത്യത്തില്‍ വിശ്വകര്‍മ്മകാര്‍ക്കല്ല പരാതി.അവര്‍ അങ്ങനെ ചൊറിച്ചില്‍ ഉള്ള വിഭാഗം അല്ല. കമ്മികള്‍ ഉണ്ടാക്കിയ കുത്തിത്തിരിപ്പ് ആണ്'' എന്നും ഒരാള്‍ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം, പൊതു സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ആക്റ്റീവ് ആയ താങ്കളെ പോലെ ഉള്ള ഒരാള്‍ വാക്കുകള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്. പണ്ട് മുതലേ ചൊല്ലുകള്‍ ഒരുപാട് ഉണ്ട്. പക്ഷേ അതൊക്കെ ആളുകള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇപ്പോഴും പറയും. പക്ഷേ പബ്ലിക് ആയി പറയാമോ. സുഹൃത്തുക്കള്‍ സംസാരിക്കുമ്പോള്‍ തെറി പറയും എന്നാല്‍ പബ്ലിക് ആയി പറയുമോ എന്നും ആ കമന്റിട്ടയാള്‍ ചോദിക്കുന്നു. എന്തായാലും സംഭവം ചർച്ചയായി മാറിയിരിക്കുകയാണ്. അഖില്‍ മാരാരെ എതിർത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

akhilmarar issues open apology statement carpenter criticised

Next TV

Top Stories