(moviemax.in) ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് പ്രിയ വാര്യർ. ഇപ്പോൾ അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി ചിത്രത്തിൽ നിറഞ്ഞാടി കയ്യടി നേടുകയാണ് പ്രിയ. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിമ്രന്‍ തകര്‍ത്താടിയ തൊട്ട് തൊട്ട് പേസും എന്ന ഡാന്‍സ് നമ്പറില്‍ പ്രിയ ഗുഡ് ബാഡ് അഗ്ലിയില്‍ റീക്രിയേറ്റ് ചെയ്തത് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
ഇതിനിടെ ഗുഡ് ബാഡ് അഗ്ലിയില്‍ നിന്നുള്ള പ്രിയയുടെ ഒരു ബിടിഎസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ആക്ഷന്‍ രംഗത്തിന്റെ വീഡിയോയാണ് വൈറലായത്. ചിത്രീകരണത്തിനിടെ പ്രിയയ്ക്ക് അപകടം പറ്റിയിരുന്നു. ഇപ്പോഴിതാ തന്റെ അപകടത്തെക്കുറിച്ചും നേരത്തെ തന്നെ തന്നെ ബാധിച്ചിരുന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയ വാര്യര്‍.
''സ്ലിപ്പ് ഡിസ്‌ക് എന്ന പ്രശ്‌നം ജീവിതകാലം മുഴുവന്‍ കൂടെ തന്നെയുണ്ടാകും. ഒരിക്കല്‍ സംഭവിച്ചാല്‍ വീണ്ടും അത് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിന് അനുസരിച്ചത് ജീവിതശൈലി മാറ്റണം. ബാക്ക് സ്‌ട്രെങ്തനിംഗ് ചെയ്യണം. എനിക്ക് ഇപ്പോഴും വെയിറ്റ് എടുക്കാന്‍ പറ്റില്ല. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നതും ഒരു സാധനം എടുക്കാന്‍ വേണ്ടി കുനിയുന്നതിനൊക്കെ മാറ്റം വരുത്തേണ്ടി വരും. ഏത് പോയന്റിലാണ് ആ ജെര്‍ക്ക് വീണ്ടും സംഭവിക്കുക എന്ന് പറയാനാകില്ല'' പ്രിയ പറയുന്നു.
''ഈ സ്റ്റണ്ട് ചെയ്യുന്ന സമയത്ത് ഞാന്‍ എനിക്ക് ഇങ്ങനൊരു പ്രശ്‌നമുണ്ടെന്ന് അവരോട് പറഞ്ഞിരുന്നില്ല. എനിക്കത് ചെയ്യണമായിരുന്നു. നല്ല പേടിയുണ്ടായിരുന്നു. ഉയരം എനിക്ക് പേടിയാണ്. സുപ്രീം സുന്ദര്‍ ആണ് സ്റ്റണ്ട് മാസ്റ്റര്‍. അദ്ദേഹത്തിനൊപ്പം ചെയ്യാനുള്ള എക്‌സൈറ്റ്‌മെന്റില്‍ ഞാനത് ചെയ്യാമെന്ന് ഏറ്റു. ആദ്യത്തെ തവണ സേഫ് ആയിട്ട് ചെയ്തു. രണ്ടാമത് എന്നു കൂടെ ചെയ്തു നോക്കാം എന്ന് പറഞ്ഞ് ചെയ്തതിന്റെ ബിടിഎസ് ആണ് കണ്ടത്'' എന്നും പ്രിയ പറയുന്നു.
''നല്ലപോലെ പണി കിട്ടി. മുഖമടിച്ചാണ് വീണത്. ബാക്കിന് ജർക്ക് കിട്ടി. എന്തോ ഭാഗ്യത്തിന് ലോവര്‍ ബാക്കിലല്ല ജെര്‍ക്ക് സംഭവിച്ചത്. ലോവര്‍ ബാക്കിലാണ് എനിക്ക് ഡിസ്‌ക് ഇഷ്യു ഉള്ളത്. സെന്റര്‍ ആയിട്ടാണ് ചെറിയൊരു ജെര്‍ക്ക് വന്നത്. അതിന് ഇവിടെ വന്ന് ഒരാഴ്ച ഫിസിയോ ചെയ്തു. അടുത്ത മൂന്ന് ദിവസം ഷൂട്ട് ചെയ്തത് ഫുള്‍ ഹീറ്റ് പാച്ച് വച്ചാണ് ഷൂട്ട് ചെയ്തത്. ആ സംഭവത്തിന് ശേഷം ഒന്നൊന്നര മണിക്കൂര്‍ അവിടെ ആരും ഷൂട്ട് ചെയ്തില്ല. എല്ലാവരും എന്റെ ചുറ്റിലുമായിരുന്നു. എന്റെ കണ്ണില്‍ നിന്നെല്ലാം വെള്ളം വന്നു. കരയുകയല്ല, ചിരിക്കുകയായിരുന്നു. പക്ഷെ കണ്ണില്‍ നിന്നും വെള്ളം വന്നു.'' താരം പറയുന്നു.
സ്ഥിരം കഴിക്കുന്ന മരുന്നുകളൊന്നും അവിടെ ലഭ്യമല്ല. അതിനാല്‍ അവര്‍ ഏതൊക്കയോ മരുന്നുകള്‍ വാങ്ങി കൊണ്ടു വന്നു തന്നു. അങ്ങനൊക്കെയാണ് പിന്നീട് ഷൂട്ട് ചെയ്തതെന്നും പ്രിയ പറയുന്നുണ്ട്. പ്രിയയുടെ ഹിന്ദി ചിത്രങ്ങളായ 2 മങ്കീസ്, ലവ് ഹാക്കേഴ്‌സ് എന്നിവ റിലീസ് കാത്തു നില്‍ക്കുകയാണ്.
priyavarrier about health condition accident Good Bad Ugly movie shooting