(moviemax.in ) കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി. കുറച്ച് മലയാളം സിനിമകളിലേ ശ്രുതിയെ കണ്ടിട്ടുള്ളൂ. രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ വന്ന സിനിമയാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ. പുതിയ നായികയ്ക്ക് വേണ്ടിയുള്ള രാജസേനന്റെ അന്വേഷണമാണ് കർണാടകക്കാരിയായ ശ്രുതിയിലേക്ക് എത്തിയത്. ഇതേക്കുറിച്ച് സംവിധായകൻ സംസാരിച്ചിട്ടുണ്ട്.
ഒരു വിധം മലയാളത്തിലെ നായികമാരെല്ലാം എന്റെ സിനിമയിൽ ജയറാമിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ തപ്പി വന്നപ്പോഴാണ് ഇവരെ കാണുന്നത്. കന്നഡ ആർട്ടിസ്റ്റാണ്. നല്ല ഗ്രാമീണത, ഐശ്വര്യം. അതിലെല്ലാമുപരി പെർഫോമൻസും. ഒന്നാന്തരം നടിയാണ്. അമ്പിളി എന്ന കഥാപാത്രത്തെ നെഞ്ചിലേറ്റിയാണ് അവർ അഭിനയിച്ചത്. വേണമെങ്കിൽ സ്റ്റേറ്റ് അവാർഡ് പുള്ളിക്കാരിക്ക് കിട്ടാമായിരുന്നെന്നും രാജസേനൻ പറഞ്ഞു. മലയാള ചിത്രം സ്വന്തം എന്ന് കരുതി എന്ന സിനിമയിലാണ് ശ്രുതി ആദ്യമായി അഭിനയിക്കുന്നത്.
സ്വകാര്യ ജീവിതത്തിൽ പല ഘട്ടങ്ങൾ ശ്രുതി കണ്ടിട്ടുണ്ട്. ഗിരിജ എന്നാണ് ശ്രുതിയുടെ യഥാർത്ഥ പേര്. ബിഗ് സ്ക്രീനിലും ടെലിവിഷനിലും ഒപ്പം രാഷ്ട്രീയത്തിലും ശ്രുതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് കന്നഡ മൂന്നാം സീസണിലെ വിജയിയായിരുന്നു ശ്രുതി. കൂടുതലും കന്നഡ സിനിമകളാണ് ശ്രുതി ചെയ്തിട്ടുള്ളത്. നിലവിൽ കർണാടകയിൽ ബിജെപിയുടെ വുമൺസ് വിംഗിന്റെ ചീഫ് സെക്രട്ടറിയാണ് ശ്രുതി. 25 വർഷത്തിലേറെയായി തുടരുന്ന സിനിമാ കരിയറിൽ മൂന്ന് തവണ കർണാടക സർക്കാരിന്റെ പുരസ്കാരം ഗിരിജയ്ക്ക് ലഭിച്ചിട്ടുണ്ട്. 90 കളിൽ കന്നഡയിലെ തിരക്കുള്ള നായിക നടിയായിരുന്നു ശ്രുതി.
ടെലിവിഷൻ ഷോകളിൽ ജഡ്ജായും ശ്രുതിയെത്തി. കന്നഡ കുടുംബ പ്രേക്ഷകർക്ക് അന്നും ഇന്നും പ്രിയങ്കരിയാണ് ശ്രുതി. 2008 ലാണ് ശ്രുതി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. രണ്ട് വിവാഹങ്ങളാണ് ശ്രുതിയുടെ ജീവിതത്തിലുണ്ടായത്. സംവിധായകൻ എസ് മഹേന്ദർ ആയിരുന്നു ആദ്യ ഭർത്താവ്. 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ഇരുവരും 2009 ൽ പിരിഞ്ഞു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ നിന്നും സംവിധാന രംഗത്തേക്ക് വന്ന ചക്രവർത്തി ചന്ദ്രചൂഡുമായി ശ്രുതി അടുത്തു.
വിവാഹമോചനക്കേസ് നടക്കുമ്പോൾ തന്നെ ചക്രവർത്തി ചന്ദ്രചൂഡിനെ രണ്ടാമത് വിവാഹം ചെയ്യുമെന്ന് ശ്രുതി പറഞ്ഞിരുന്നു. എന്റെ മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പറ്റില്ല. കുറച്ച് ദിവസങ്ങളായി ചന്ദ്രചൂഡുമായി ഞാൻ അടുപ്പത്തിലാണ്. വിവാഹം ചെയ്യാൻ തീരുമാനിച്ചു. ചന്ദ്രചൂഡ് നേരത്തെ വിവാഹിതനാണെന്ന് എനിക്കറിയാം. എന്നാൽ അദ്ദേഹത്തിന്റെ വിവാഗ ജീവിതത്തിലും പ്രശ്നങ്ങളാണ്. ഞങ്ങളുടെ വിവാഹമോചന ഹർജി കോടതി സ്വീകരിച്ചതിന് ശേഷമേ താനും ചന്ദ്രചൂഡും വിവാഹം ചെയ്യൂ.
വഷളായ ഒരു ബന്ധം തുടരുന്നതിൽ അർത്ഥമില്ല. എന്റെ ദാമ്പത്യം സംരക്ഷിക്കാനും ബന്ധം പുനരുജ്ജീവിക്കാനും പല തവണ ശ്രമിച്ചു. പക്ഷെ അത് വിജയം കണ്ടില്ല. നിലനിർത്താൻ കഴിയാത്ത ബന്ധമാണ് നീട്ടിക്കൊണ്ട് പോയത്. മഹേന്ദറുമായുള്ള ബന്ധത്തിൽ നിന്ന് പുറത്ത് വന്ന് ചന്ദ്രചൂഡുമായി ഒരു പുതിയ ബന്ധത്തിലേക്ക് കടക്കുന്നതിൽ സന്തോഷമുണ്ടെന്നും ശ്രുതി അന്ന് വ്യക്തമാക്കി. 2013 ലായിരുന്നു വിവാഹം. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു. പിന്നീട് ചന്ദ്രചൂഡിനെതിരെ ശ്രുതി പരസ്യമായി രംഗത്ത് വരികയുമുണ്ടായി. 2014 ലായിരുന്നു ഈ സംഭവം.
ശ്രുതി ശാരീരികമായ ഉപദ്രവിച്ചു എന്നാരോപിച്ച് ശോഭ എന്ന വീട്ടു ജോലിക്കാരി രംഗത്ത് വന്നു. എന്നാൽ ഇതിന് പിന്നിൽ മുൻഭർത്താവ് ചന്ദ്രചൂഡ് ആണെന്നായിരുന്നു ശോഭയുടെ ആരോപണം. തന്നിൽ നിന്ന് അകന്ന് കഴിയുന്ന ചന്ദ്രചൂഡിന് ജോലിക്കാരി തന്റെ വിവരങ്ങളെല്ലാം രഹസ്യമായി നൽകി. ഇതിന്റെ പേരിലാണ് ജോലിക്കാരിയെ പുറത്താക്കിയത്. തനിക്കെതിരെ പരാതി വന്നതിന് പിന്നിൽ ചന്ദ്രചൂഡാണെന്നും തന്നെ നിരന്തരം ശല്യം ചെയ്യുകയാണ് ഇയാളെന്നും ശ്രുതി ആരോപിച്ചു.
kottaramveetileappoottan fame shruthi life career actress married twice