വാഹനാപകടത്തില്‍ മരണപ്പെട്ടതിന് ശേഷമാണ് നടനും മിമിക്രി താരവുമായ കൊല്ലം സുധിയെ കൂടുതല്‍ ആളുകളും തിരിച്ചറിയുന്നത്. ജീവിച്ചിരുന്നപ്പോള്‍ കിട്ടാത്ത സ്‌നേഹവും അംഗീകാരങ്ങളുമൊക്കെ മരണത്തിന് ശേഷം സുധിയ്ക്ക് ലഭിച്ചു. അതുപോലെ സുധിയുടെ ഭാര്യ പരിഹാസങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവ് മരിച്ചതിന് ശേഷം അഭിനയം പ്രൊഫഷനാക്കിയതാണ് രേണു വിമര്‍ശിക്കപ്പെടാനുള്ള കാരണം.
ആല്‍ബങ്ങളിലും കവര്‍ സോംഗിലുമൊക്കെ അഭിനയിച്ചത് ചൂണ്ടി കാണിച്ച് വെറും പരിഹാസമല്ല, ബോഡി ഷെയിമിങ്ങും അധിഷേപങ്ങളുമാണ് രേണുവിന് നേരിടേണ്ടി വരുന്നത്. മാസങ്ങളായി തുടരുന്നത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇത്രയധികം വിമര്‍ശിക്കപ്പെടാന്‍ രേണു എന്ത് കുറ്റം ചെയ്തു എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമില്ല. ഈ വിഷയത്തില്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രിയാ ഷൈന്‍ രേണുവിനെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാവുകയാണ്.
'മിമിക്രി ആര്‍ട്ടിസ്റ്റും, സിനി ആര്‍ട്ടിസ്റ്റുമായ അനുഗ്രഹീത കലാകാരന്‍ സുധിയുടെ വിയോഗത്തിന് ശേഷം തന്റെ ജീവിതത്തെ കലയുടെ മേഖലയിലേയ്ക്ക് തിരിച്ചു വിട്ട് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന സുധിയുടെ ഭാര്യ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ വൈറലും അതോടൊപ്പം പ്രേക്ഷകര്‍ ആ പെണ്‍കുട്ടിയെ ആക്ഷേപവും, പരിഹാസവും, അവഹേളനവും ഒക്കെ നടത്തി അവരുടെ പ്രജ്ഞ മരവിപ്പിയ്ക്കാന്‍ ശ്രമിക്കുന്നത് കുറെയധികം നാളായി ഞാന്‍ കാണുന്നു.
സുധി എന്ന കലാകാരന്റെ ദാരിദ്രാവസ്ഥയില്‍ സുധിയുടെ ജീവിത പങ്കാളി ആയെത്തിയ ഈ പെണ്‍കുട്ടി സുധിയുടെ ആദ്യ ഭാര്യയിലുള്ള കിച്ചു എന്ന കുട്ടിയെ സ്വന്തം മകനായി കണ്ട് വളര്‍ത്തി ഒരു ഉത്തമകുടുംബിനിയായി സുധിയ്ക്ക് താങ്ങും തണലും ആയി നിന്ന സമയങ്ങളില്‍ ഈ പെണ്‍കുട്ടി ചെയ്ത നല്ല കാര്യങ്ങളെ മീഡിയക്കാരോ പ്രേക്ഷകരോ പൊതു സമൂഹമോ ആരും കണ്ടറിഞ്ഞില്ല. കാരണം 'സ്ത്രീ' എന്നും ശബ്ദമില്ലാത്തവള്‍ ആയി അടുക്കളയുടെ പിന്നാമ്പുറങ്ങളില്‍ ശിഷ്ടകാലം ജീവിച്ച് തീര്‍ക്കണം എന്നാണല്ലോ അലിഖിത നിയമം.
സ്റ്റേജ് ഷോകളില്‍ തന്റെ പൊന്നു മകനെ സ്റ്റേജിന് പിറകില്‍ നിലത്ത് തുണി വിരിച്ച് കിടത്തി ഉറക്കിയതിന് ശേഷം സ്റ്റേജില്‍ കയറിയിരുന്ന സുധി എന്ന കലാകാരന്റെ ദയനീയാവസ്ഥയും പ്രസ്തുത ആരും അറിഞ്ഞിട്ടില്ല. തന്റെ പൊന്നുമകന് ഒരമ്മയെ കിട്ടിയപ്പോള്‍ ആ അമ്മയുടെ കൈകളില്‍ മകനെ ഏല്‍പിച്ച് ആശ്വാസത്തോടെ സ്റ്റേജുകളില്‍ നിന്നും സ്റ്റേജുകളിലേയ്ക്ക് പോയ സുധിയുടെ മാനസികാവസ്ഥയും ആരും കണ്ടില്ല..
തന്റെ ഭര്‍ത്താവിന്റെ വിയോഗാര്‍ത്ഥം തന്റെ പാഷനായിരുന്ന അഭിനയത്തിന്റെ വിവിധ മേഖലകളിലേയ്ക്കിറങ്ങി തന്റെ മക്കള്‍ക്ക് തണലേകുന്ന രേണുവിനെ പരസ്യാക്ഷേപങ്ങള്‍ നടത്തുന്നവര്‍ എലിസബത്ത് ഉദയന്‍ മുതല്‍ ഹേമാകമ്മറ്റിയുടെ ഭാഗഭാക്കായ സ്ത്രീ ജനങ്ങളുടെ പ്രരോദനങ്ങളും വിഷമങ്ങളും ആരും കണ്ടറിഞ്ഞ് അവര്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിച്ചതുമില്ല. സ്ത്രീയായ രേണുവിനെ കണ്ടാല്‍ ട്രാന്‍സ് ജെന്‍ഡറിനെ പോലെയുണ്ട് എന്ന് പരിഹസിയ്ക്കുന്നവരേ ഒരു നിമിഷം.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെന്താണ് കുഴപ്പം? എത്ര ഭംഗിയുള്ളവരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്സ്! സ്വന്തം ഭര്‍ത്താവിന്റെ മണം അവര്‍ക്ക് അദ്ദേഹത്തിന്റെ സാമീപ്യമാക്കുവാനവര്‍ ആഗ്രഹിച്ചത് സാധ്യമാക്കിയതില്‍ എന്താണ് തെറ്റ്? പരപുരുഷന്റെ ശരീര ഗന്ധമല്ലല്ലോ, സ്വന്തം ഭര്‍ത്താവിന്റെ ഗന്ധം അല്ലേ അവര്‍ അവരുടെ സാമീപ്യമാക്കിയത്. രേണുവിന്റെ ശാരീരിക ഭംഗിയെ കളിയാക്കുന്നവരേ ഒന്നു ചോദിച്ചോട്ടേ എന്താണ് അവര്‍ക്കുള്ള കുറവ്?
സൗന്ദര്യമെന്നത് ഓരോരുത്തരുടേയും മനസിനാണ് വേണ്ടത്. ബാഹ്യ സൗന്ദര്യം എന്നത് ഓരോരുത്തരുടേയും കണ്ണുകള്‍ കൊണ്ട് കാണുന്നതിലല്ലേ? വളരെ സ്ലിം ആയ അവരുടെ ഉടലഴകുകള്‍ എത്ര മനോഹരമാണ്. കരിമഷിയെഴുതിയ അവരുടെ കണ്ണുകള്‍ എത്ര മനോഹരമാണ്. രേണു സുധിയ്ക്ക് അഭിനയിക്കാനറിയില്ല എന്നു വിധിയെഴുതുന്നവരേ... നിങ്ങള്‍ക്ക് ഒരു സീന്‍ ഒന്ന് അഭിനയിച്ച് കാണിക്കാമോ?
സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം കാമറയ്ക്ക് മുന്‍പില്‍ ഒരു വലിയ ക്രൂവിന് മുന്‍പില്‍ തന്റെ കഥാപാത്രമായി പരകായപ്രവേശം നടത്തുമ്പോള്‍ രേണു എങ്ങനെ ശ്ലീലമല്ലാത്തതാകും? എങ്ങനെയത് അശ്ലീലമാക്കും? അഭിനയം അഭിനയമല്ലേ ജീവിതം അല്ലല്ലോ... രേണു സുധി ഒരു അഗ്നിയാണ്. പെണ്ണ് അഗ്‌നിയാകുമ്പോള്‍ സൂക്ഷിയ്ക്കണം. അവളുടെ ജീവിതമാകുന്ന തീജ്വാലകള്‍ ആളിക്കത്തുമ്പോള്‍ ആ ജ്വാലകള്‍ ഏറ്റ് നിങ്ങള്‍ വാടി കരിയരുത്.... രേണു... തളര്‍ത്താന്‍ അനവധി ആളുകള്‍ ഉണ്ടാവും, പക്ഷേ ആ തളര്‍ത്തലുകളെ അതിജീവിച്ച് സ്വന്തം ലക്ഷ്യത്തിലേയ്ക്ക് കുതിയ്ക്കുന്നവള്‍ ആകണം പെണ്ണ്....' എന്നും ഓര്‍മ്മപ്പെടുത്തി കൊണ്ടുമാണ് പ്രിയ ഷൈന്‍ എഴുത്ത് അവസാനിപ്പിക്കുന്നത്.
priyashine wrote about renusudhi