നടന്‍ ദിലീപ് കടന്നു പോകുന്നത് മോശം സമയത്തിലൂടെയെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ദിലീപിന്റെ പുതിയ സിനിമയായ പ്രിന്‍സ് ആന്റ് ഫാമിലിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. ദീലിപ് ഇപ്പോള്‍ മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത്. കുറ്റം തെളിയിക്കുന്നത് വരെ ഒരാള്‍ കുറ്റാരോപിതന്‍ മാത്രമായിരിക്കുമെന്നും ലിസ്റ്റിന്‍ പറയുന്നുണ്ട്.
''പല ആര്‍ട്ടിസ്റ്റുകളുടെ കൂടേയും ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. ദിലീപേട്ടന്‍ എന്ന വ്യക്തിയുടെ കൂടെ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്. ഓരോരുത്തരുടേയും ചെറുപ്പത്തില്‍ ഓരോരുത്തരെയാണ് ഹീറോയായിട്ട് കാണുന്നത്. എന്റെ ചെറുപ്പത്തില്‍ ദിലീപേട്ടന്‍ വളരെ വലിയ ഹീറോയാണ്. എന്നെ സംബന്ധിച്ച്, എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ് ദിലീപേട്ടന്‍. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ലൊക്കേഷനില്‍ പോയിട്ടുണ്ട്. പിന്നീട് ഞാന്‍ സിനിമയിലേക്ക് വന്നു. പല നായകന്മാരുമായി സഹകരിക്കാന്‍ പറ്റിയിട്ടുണ്ട്.'' ലിസ്റ്റിന്‍ പറയുന്നു.
''ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്. പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോള്‍ നിര്‍മ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവര്‍ക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാന്‍ ഈ സിനിമ ചെയ്യുന്നത്'' എന്നും ലിസ്റ്റിന്‍ പറയുന്നു.
''ഞാന്‍ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേര്‍ ചോദിച്ചു. മലയാളത്തില്‍ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടാണോ എന്ന് വരെ ചോദിച്ചു. പക്ഷെ ഞാന്‍ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഹീറോയെ വച്ചാണ്. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാള്‍ കുറ്റാരോപിതന്‍ മാത്രമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടന്‍ ചെയ്താല്‍ മാത്രമാണ് ഈ സിനിമ തീയേറ്ററില്‍ വര്‍ക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങള്‍ ദിലീപേട്ടന്റെ അടുത്തെത്തിയത്.'' എന്നാണ് ലിസ്റ്റിന്‍ പറയുന്നത്.
അതേസമയം, ടൈറ്റില്‍ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതല്‍ നെഗറ്റീവുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് താന്‍ ദിലീപിനോട് ചോദിച്ചുവെന്നും ലിസ്റ്റിന്‍ പറയുന്നുണ്ട്.
''ലിസ്റ്റിന്‍ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോള്‍ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു'' എന്നാണ് ലിസ്റ്റിന്‍ പറയുന്നത്.
ഞങ്ങളെ സംബന്ധിച്ച് ഇത് അതിമനോഹരമായൊരു സിനിമയാണ്. ഈ സിനിമയുടെ ഒരു ബിസിനസും നടന്നിട്ടില്ല. നേരെ പ്രേക്ഷകരുടെ മുന്നിലേക്കാണ് വരുന്നത്. പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത് നല്ലതാണോ എന്ന്. തുടക്കം മുതല്‍ പ്രേക്ഷകരെ വിശ്വസിച്ചാണ് ഈ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്താണ് ദിലീപേട്ടന്റെ സമീപകാലത്തെ സിനിമകളെ പോരായ്മകളെന്നും, ദിലീപേട്ടന്റെ സിനിമകളില്‍ എന്താണോ പ്രേക്ഷകന്‍ എന്ന നിലയില്‍ ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്തത് എന്നൊക്കെ ചര്‍ച്ച ചെയ്താണ് ഞങ്ങള്‍ ഈ സിനിമയിലേക്ക് ഇറങ്ങിയതെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രിന്‍സ് ആന്റ് ഫാമിലി. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധീഖ്, മഹിമ നമ്പ്യാര്‍, ഉര്‍വ്വശി, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ജോണി ആന്റണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പവി കെയര്‍ടേക്കര്‍ ആയിരുന്നു ദിലീപിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഭഭബ ആണ് ദിലീപിന്റേതായി അണിയറയിലുള്ള മറ്റൊരു സിനിമ.
producer listinstephen opensup about current bad phase dileep during prince family teaser