'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ഐ ആം ഗെയിം.' അടിത്തിടെ പുറത്തിറക്കിയ ചിത്രത്തിന്റെ ടൈറ്റിൽ പോസറ്റർ ശ്രദ്ധനേടിയിരുന്നു.
സൂപ്പർഹിറ്റ് വിജയം നേടിയ 'ആർഡിഎക്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നഹാസ് ഹിദായത്താണ് ഐ ആം ഗെയിം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയും ഉണ്ടെന്ന വിവരം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.
പെപ്പെയെ സ്വാഗതം ചെയ്ത ദുൽഖറും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. വില്ലൻ വേഷത്തിലാകുമോ പെപ്പെയുടെ വരവെന്നാണ് ഇനിയറിയേണ്ടത്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. അതേസമയം, മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ഐ ആം ഗെയിം എന്നാണ് സൂചന.
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ മലയാളത്തിലേക്ക് മടങ്ങി എത്തുന്നത്. നഹാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരൻ, ഷഹബാസ് റഷീദ് എന്നിവരാണ് സംഭാഷണം.
ജേക്സ് ബിജോയ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങും അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കറായിരുന്നു ദുൽഖറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം അടക്കം വിവിധ ഭാഷകളിൽ എത്തിയ ചിത്രം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്.
antony varghese pepe dulquer salmaan movie im game nahas hidhayath