May 1, 2025 10:50 PM

( moviemax.in) മികച്ച പ്രേക്ഷകപ്രതികരണം നേടി നിറഞ്ഞസദസ്സുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം 'തുടരും'. തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം വില്ലന്‍ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സിഐ ജോര്‍ജ് മാത്തനായെത്തിയ പ്രകാശ് വര്‍മയുടേത് മികച്ച അഭിനയമാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അന്തര്‍ദേശീയ പ്രശംസനേടിയ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ് സ്‌ക്രീന്‍ പുതുമുഖമായ പ്രകാശ് വര്‍മ. അദ്ദേഹം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്.


ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വര്‍മ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രത്തിലെ വേഷത്തിലും മേക്കപ്പിലുമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ക്ലൈമാക്‌സിലെ ഫൈറ്റ് സീനിലെ ചിത്രങ്ങളാണ് രണ്ടെണ്ണം. ചിത്രങ്ങള്‍ക്കൊപ്പം മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് ചെറുകുറിപ്പും പ്രകാശ് വര്‍മ പങ്കുവെച്ചിട്ടുണ്ട്.

'തുടരും സിനിമയുമായി ബന്ധപ്പെട്ട എന്റെ അനുഭവങ്ങളെ മാന്ത്രികം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. ഞാന്‍ എന്നെ കണ്ടെത്തി, ഒരു പുതിയ വീട് കണ്ടെത്തി, ഒരു കുടുംബത്തെ കണ്ടെത്തി. കൃതജ്ഞത എന്ന ഒറ്റവികാരം മാത്രമാണ് എനിക്ക് തോന്നുന്നത്. എന്റെ ഏറ്റവും വലിയ പാരിതോഷികം ലഭിച്ചത് ലാലേട്ടനില്‍നിന്നാണ്. അദ്ദേഹമാണെന്റെ ഹീറോയും പ്രചോദനവും ഉപദേശകനും സഹോദരനും അധ്യാപകനും സുഹൃത്തും', എന്നാണ് ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്. അമേരിക്കന്‍ നടന്‍ എഡ്വേര്‍ഡ് ആല്‍ബര്‍ട്ടിന്റെ വാക്കുകളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. “ജോർജ് സാറിനോട് നന്ദി പറയെടാ”, ഇതെൻ്റെ കഥയാടാ. ഇതില് ഞാനാട ഹീറോ , George സാറിനോരു താങ്ക്സ് പറയടാ ബെൻസെ ഇജ്ജാതി പാവം മനുഷ്യൻ, തുടങ്ങി നിരവധി കമന്റുകൾ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

നടി ചിപ്പി രഞ്ജിത്ത്, ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്ത ബിനു പപ്പു, ആര്‍ഷ ബൈജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്. ജോര്‍ജ് മാത്തന്റെ ഡയലോഗ് ഓര്‍മിപ്പിക്കുന്ന 'ഹലോ' എന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കമന്റ് ചെയ്തത്. ഇതിന് എന്നെ 'സുന്ദരകാലമാടനാക്കിയ ജീനിയസ്' എന്ന് പ്രകാശ് വര്‍മ മറുപടി നല്‍കി.



thudarum mohanlal movie prakashvarm

Next TV

Top Stories