തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ഇന്നാണ് ആഗോള റിലീസായി എത്തിയത്. ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സൂപ്പര്‍ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തിയ ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രവും ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
കേരളത്തിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറുകയാണ്. നാനി അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ക്കാര്‍ എന്ന പോലീസ് ഓഫീസര്‍ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഗംഭീര ആക്ഷനും ഇന്‍വെസ്റ്റിഗേഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷന്‍ ചിത്രമായാണ് ഹിറ്റ് 3 സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. കിടിലന്‍ ദൃശ്യങ്ങള്‍, പശ്ചാത്തല സംഗീതം, പഞ്ച് ഡയലോഗുകള്‍, സസ്‌പെന്‍സ് എന്നിവ കോര്‍ത്തിണക്കിയ ചിത്രം മാസ് ചിത്രങ്ങളുടെ ആരാധകരെയും ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കുന്നുണ്ട്. നാനിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
വളരെ വയലന്റ് ആയതും, അതിശക്തവുമായ പോലീസ് കഥാപാത്രമായാണ് നാനിയെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാന്‍ എത്തുന്ന നായക കഥാപാത്രമാണ് നാനിയുടെ അര്‍ജുന്‍ സര്‍ക്കാര്‍. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ആണ് ചിത്രം ആഗോള റിലീസായി എത്തിയത്.
ഛായാഗ്രഹണം - സാനു ജോണ്‍ വര്‍ഗീസ്, സംഗീതം - മിക്കി ജെ മേയര്‍, എഡിറ്റര്‍ - കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എസ് വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടര്‍ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വര്‍മ്മ, മാര്‍ക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി.
Hit three making waves Nani film receives huge audience response