( moviemax.in) റാപ്പർ വേടന് പിന്തുണ പ്രഖ്യാപിച്ച് നടി സബീറ്റ ജോർജ്‍. ലഹരി ഉപയോഗിക്കുന്നത് മഹത്തായ കാര്യമാണ് എന്നൊന്നും താൻ പറയുന്നില്ലെന്നു പറഞ്ഞ സബീറ്റ ഇപ്പോഴാണോ വേടന്റെ മാലയിലെ പുലിപ്പല്ല് കാണുന്നതെന്നും ചോദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
''സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നില്ല എന്നു പറഞ്ഞു. ഉപയോഗിച്ചതിന് തെളിവുമില്ല. എന്നുവെച്ച് റോഡിലൂടെ കഞ്ചാവുമടിച്ച് തേരാപാരാ നടക്കുന്നത് ഭയങ്കര സംഭവം ആണെന്നു വിചാരിക്കുന്ന ആളല്ല ഞാൻ. തേങ്ങാ ഉടയ്ക്കുന്ന ഒരു വെട്ടുകത്തി എന്റെ അടുക്കളയിലും ഉണ്ട്. ഇനി അതൊക്കെ പ്രശ്നമാകുമോ എന്നറിയില്ല. പിന്നെ എലീടെ പല്ലോ, പുലീടെ പല്ലോ അങ്ങനെ എന്തോ കേട്ടു.
എത്രയോ സ്റ്റേജുകളിൽ ഈ പുലിയുടെ പല്ലുള്ള ലോക്കറ്റുമായി ഈ ആർടിസ്റ്റ് പെർഫോം ചെയ്തിരിക്കുന്നു. ഞാൻ തന്നെ ഒരു പതിനഞ്ച് വീഡിയോ എങ്കിലും കണ്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പല സന്ദർഭങ്ങളിലുമായി. അന്നൊന്നും ആരും ഈ പുലിപ്പല്ലിനെപ്പറ്റിയോ എലിപ്പല്ലിനെപ്പറ്റിയോ വിഷമിക്കുകയോ പുറകേ നടന്ന് ആ വ്യക്തിയെ ക്രൂശിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പെട്ടെന്ന് എന്താണ് ഇങ്ങനെ? എന്തൂട്ടാ സജീ ഇതൊക്കെ? പുച്ഛം ആണ് ഇപ്പോൾ തോന്നുന്ന വികാരം'', എന്നാണ് സബീറ്റ വീഡിയോയിൽ പറഞ്ഞത്. വീഡിയോയ്ക്കു താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചക്കപ്പഴമെന്ന പരമ്പരയിലൂടെയായാണ് സബീറ്റ ജോർജ് പ്രേക്ഷകശ്രദ്ധ നേടിയത്. ലളിത എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പരമ്പരയ്ക്ക് ലഭിച്ചിരുന്നതും. പരമ്പരയില്‍ നിന്നും താന്‍ പിന്‍മാറുകയാണെന്നും പിന്നീട് സബീറ്റ അറിയിച്ചിരുന്നു. ഇപ്പോൾ സീരിയലിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർ അറിയാറുണ്ട്.
മോഹന്‍ലാലിനെ അറസ്റ്റ് ചെയ്തില്ല; വേടനെ കുടുക്കാന്‍ മാത്രം എന്തേ തിടുക്കം? ആനക്കൊമ്പ് കേസ് വീണ്ടും ചർച്ചയാകുന്നു
(moviemax.in) സോഷ്യൽ മീഡിയകളിലും വാർത്തകളിലും റാപ്പര്‍ വേടന്‍ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് . ഇപ്പോഴിതാ പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെ നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയിലേക്കെത്തുകയാണ്.
വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്‍റെ കേസില്‍ ഇഴഞ്ഞുനീങ്ങൽ തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി.
ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തില്‍ മോഹന്‍ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍. വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടിമുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നുമില്ല.
നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തില്ല. നോട്ടീസ് നല്‍കി വനം വകുപ്പിന്‍റെ ഏതെങ്കിലുമൊരു ഓഫീസിലേക്ക് വിളിച്ചു വരുത്തിയതുമില്ല. മറിച്ച് മോഹന്‍ലാലിന്‍റെ സൗകര്യം നോക്കി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് പോലും നടത്തിയത്.
തൃശൂരിലും,കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മൊഴി. ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടിയും ഈ മൊഴിക്ക് ശേഷവും മോഹന്‍ലാലിനെതിരെ വനം വകുപ്പ് നടപടികള്‍ ഒന്നും ഉണ്ടായില്ല.
പുലിപ്പല്ല് കേസ്; വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു
(moviemax.in) പുലിപ്പല്ല് കേസിൽ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂർ സരസ ജ്വല്ലറിയിലാണ് എത്തിച്ചത്. പരിശോധനയിൽ വേടന്റെ കഴുത്തിൽ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ വനംവകുപ്പ് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയ വേടനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കഞ്ചാവ് കേസിൽ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്.
പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ല, 'ലോക്കറ്റ് നിർമ്മിച്ച് നൽകിയത് 1000 രൂപയ്ക്ക്; ജ്വല്ലറി ഉടമ
( moviemax.in) വേടൻ എന്ന ഹിരൺ ദാസ് മുരളി വെള്ളിയിൽ ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂർ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിർമ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാർ പറഞ്ഞു. പുലിപ്പല്ലിൽ വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനല്ലെന്നും എട്ടു മാസങ്ങൾക്ക് മുമ്പാണ് ലോക്കറ്റ് നിർമ്മിച്ച് നൽകിയതെന്നും സന്തോഷ് കുമാർ പറഞ്ഞു.
ലോക്കറ്റ് പണിയാൻ കൊടുത്തത് വേടനല്ല. എന്നാൽ വെള്ളികെട്ടിയ പുലിപ്പല്ലിലുള്ള ലോക്കറ്റ് വാങ്ങിക്കുന്നതിന് വേണ്ടി വേടനും ജ്വല്ലറിയിൽ എത്തിയിരുന്നു. 1000 രൂപയാണ് വെള്ളി ലോക്കറ്റ് പണിയാനുള്ള കൂലിയായി നൽകിയത് എന്നും ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. തന്റെ മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നാണ് റാപ്പർ വേടൻ പറയുന്നത്.
ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും വേടൻ പറഞ്ഞു. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞിരുന്നു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.
കഞ്ചാവ് പൊടിക്കാനുളള ക്രഷറും തൂക്കാനുളള ത്രാസുമടക്കം വേടന്‍റെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. വേടനും, മറ്റൊരു റാപ്പറായ ഗബ്രിയെന്ന കെ.ഡബ്ലു.വിഷ്ണുവുമടക്കം 9 പേരെയാണ് ഇന്നലെ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. ഇതിനിടെ വേടന്‍ അനുകൂല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നേരിയ അളവില്‍ കഞ്ചാവ് പിടിച്ചതിന്‍റെ പേരില്‍ വേദികളില്‍ വേടന്‍ ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ റദ്ദാക്കാനുളള ആസൂത്രിത ശ്രമം നടക്കുന്നെന്നാണ് വേടന്‍ അനുകൂലികളുടെ വാദം.
sabittageorge support rapper vedan