( moviemax.in) കഴിഞ്ഞ ഏതാനും വർഷങ്ങളായി സിനിമാ മേഖലയിൽ ട്രെന്റിംഗ് ആയി നിൽക്കുന്നൊരു കാര്യമാണ് റി റിലീസുകൾ. മലയാളം ഉൾപ്പടെയുള്ള ഭഷകളിലെ നിരവധി സിനിമകൾ ഇതിനകം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ഒരുകാലത്ത് റിലീസ് ചെയ്ത വൻ ഹിറ്റായ പടങ്ങളും അപ്രതീക്ഷിതമായി പരാജയം നേരിട്ട സിനിമകളും ഇത്തരത്തിൽ റി റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിലൊരു സിനിമ കൂടി റി റിലീസ് ചെയ്യാൻ പോവുകയാണ്. മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ ആണ് ആ ചിത്രം.
ഛോട്ടാ മുംബൈ വീണ്ടും തിയറ്ററുകളിൽ എത്തുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജിന്റെ കമന്റിലൂടെയാണ് ഇക്കാര്യം പ്രേക്ഷകർ അറിഞ്ഞത്. മണിയൻ പിള്ള രാജുവാണ് ചിത്രം നിർമിച്ചത്. ഇപ്പോഴിതാ ഛോട്ടാ മുംബൈയുടെ റി റിലീസ് തിയതിയുടെ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മെയ് 21ന് ചിത്രം തിയറ്ററിലെത്തുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരേണ്ടിയിരിക്കുന്നു.
സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലിന്റേതായി റി റിലീസ് ചെയ്യുന്ന നാലാമത്തെ സിനിമയാണ് ഛോട്ടാ മുംബൈ. റിപ്പോർട്ടുകൾ പ്രകാരം മലയാളം റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ദേവദൂതൻ ആണ്. 5.4 കോടിയാണ് കളക്ഷൻ. മണിച്ചിത്രത്താഴ് 4.4 കോടിയും സ്ഫടികം 4.82 കോടിയും നേടി.
ഛോട്ടാ മുംബൈ എത്ര നേടും എന്നറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്തായാലും തലയായുള്ള മോഹൻലാലിന്റെ നിറഞ്ഞാട്ടം വീണ്ടും തിയറ്ററിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അതേസമയം, തുടരും എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്.
mohanlal movie chottamumbai re release may