( moviemax.in) മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റേഡിയോ ജോക്കിയായി തുടങ്ങി പിന്നീട് അവതാരക, നടി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളിൽ തിളങ്ങാൻ അശ്വതി ശ്രീകാന്തിന് കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുള്ള വ്യക്തിയെന്നാണ് അശ്വതി ശ്രീകാന്തിനെക്കുറിച്ച് പ്രേക്ഷകർ പറയാറ്.
പേരന്റിങ്ങുമായി ബന്ധപ്പെട്ട വീഡിയോകളും മക്കളുടെ വിശേഷങ്ങളും അശ്വതി സ്ഥിരമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ ഇളയെ മകൾ കമലയുടെ ഒരു ക്യൂട്ട് ചോദ്യത്തെക്കുറിച്ചുള്ള പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
''അമ്മയ്ക്ക് അവധി ദിവസം ആയതോണ്ട് എന്നും 9 മണി വരെ ഉറങ്ങുന്ന കമല ഇന്നലെ അതിരാവിലേ കണ്ണ് തുറന്നു. ഗാഢനിദ്രയിലായിരുന്ന അമ്മയെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വിളിച്ചെഴുന്നേൽപ്പിച്ചു. എന്നിട്ട് ലളിതമായി ചോദിച്ചു - “ഇന്നാണോ നാളെ ?”. അമ്മ കിളി പാറിയ കണ്ണ് മിഴിച്ചു ! എന്താ... ? “ഇന്നാണോ നാളെ? ആന്റി ഇന്നലെ പറഞ്ഞല്ലോ ഇന്ന് നാളെയാണെന്ന്”.
ദൈവമേ! ഇതേത് യൂണിവേഴ്സ് ! നാളെയൊരു മിഥ്യയാണ് ഇന്ന് മാത്രമാണ് സത്യം എന്നു പറഞ്ഞാലോന്ന് ഞാൻ ആലോചിച്ചു. ഒറ്റ ചോദ്യം കൊണ്ട് എക്സിസ്റ്റൻഷ്യൻ ക്രൈസിസ് വരെ ഉണ്ടാക്കിയിട്ട് ‘എല്ലാരും എന്നീക്ക് നാളെയായി’ എന്ന് പ്രഖ്യാപിച്ചു കുരുപ്പ് നേരെ പാൽ അന്വേഷിച്ചു അടുക്കളയിലേയ്ക്ക് പോയി'', അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കമലയുടെ ചോദ്യം പോലെ തന്നെ അശ്വതിയുടെ പോസ്റ്റിനു താഴെയും രസകരമായ കമന്റുകളാണ് കാണാൻ കഴിയുന്നത്. ''ഇന്നാണോ നാളെ എന്ന ചോദ്യത്തിനു വളരെ നല്ല അർത്ഥം ഉണ്ട്. ശരിക്കും ഇന്നലത്തെ നാളെ ആണല്ലോ ഇന്ന്. നാളെത്തെ നാളെയേയും നമ്മൾ നാളെ എന്ന് വിളിക്കൂല്ലേ. നാളെത്തെ നാളെ ഇന്നാണോ നാളെയാണോ'', എന്നാണ് ഒരാളുടെ രസികൻ കമന്റ്.
aswathysreekanth new video about her daughter