Apr 27, 2025 12:25 PM

കൊച്ചി: (moviemax.in) ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകര്‍ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സിനിമ കൂട്ടായ്മയായ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. കേസിന്റെ പശ്ചാത്തലത്തില്‍ പിടിയിലായ സംവിധായകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക നേതൃത്വം ഡയറക്ടേര്‍സ് യൂണിയന് നിര്‍ദേശം നല്‍കിയിരുന്നു. ലഹരിയുമായി സിനിമാസെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്. ഷാലിഫാണ് ഇടനിലക്കാരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്.

ആരാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയതെന്ന് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പിടിയിലായ മൂന്ന് പേര്‍ നല്‍കിയ മൊഴിയുടെ അന്വേഷണത്തിലാണ് ഇപ്പോള്‍ അധികൃതര്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു യുവാവ് ആണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കിയതെന്നും സൂചനകളുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. എക്‌സൈസ് എത്തുമ്പോള്‍ ഇവര്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ആലപ്പുഴ ജിംഖാന തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ചിത്രത്തിന്റെ സംവിധായകന്‍ പിടിയിലാകുന്നത്. വിഷു റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഖാലിദ് മുമ്പ് സംവിധാനം ചെയ്ത തല്ലുമാല, ലവ്, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളും വലിയ തോതില്‍ പ്രശംസ നേടിയിരുന്നു. ബോക്സ് ഓഫീസ് വിജയത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ലവ്. അഷ്റഫ് ഹംസയുടെ തമാശ എന്ന ചിത്രവും ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയാണ്.



Hybrid cannabis case FEFKA suspends Khalid Rahman and Ashraf Hamza

Next TV

Top Stories