Apr 26, 2025 07:02 AM

കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ മലയാള സിനിമാ രംഗത്തെ നടിമാര്‍ക്കെതിരായ അശ്ലീല പരാമർശത്തിൽ യൂ ട്യൂബർ സന്തോഷ് വർക്കി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നടിമാർക്കെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ് വർക്കി അശ്ലീല പരാമർശം നടത്തിയത്.

ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി ഈ മാസം 20നാണ് സിനിമാ നടിമാർക്കെതിരെ അശ്ലീല പരാമർശം കുറിപ്പായി ഇട്ടത്. അതിന് പിന്നാലെ ഇയാൾക്കെതിരെ എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും നിരവധി പരാതികൾ പൊലീസിന് ലഭിച്ചു.

എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് അമ്മയിലെ അംഗങ്ങളായ 16 പേർ ചേർന്ന് പരാതി നൽകി. തിരുവനന്തപുരത്ത് നിന്ന് ഭാഗ്യലക്ഷമി അടക്കമുള്ളവരും പരാതി നൽകി. ഇതിന് പിന്നാലെയാണ് സന്തോഷ് വർക്കിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

പോസ്റ്റിട്ട കാര്യം സമ്മതിച്ച സന്തോഷ് വർക്കി തെറ്റ് മനസിലാക്കി അടുത്ത ദിവസം തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തെന്നും മൊഴി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് BNS 75,79 വകുപ്പുകൾക്ക് പുറമേ ഐടി ആക്ട് സെക്ഷൻ 67 ഉം സന്തോഷ് വർക്കിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



#santhoshvarkey #cases #Ernakulam #Thiruvananthapuram #mobile #phone #custody

Next TV

Top Stories