(moviemax.in) സോഷ്യൽ മീഡിയയിലെ താരമാണ് ഇന്ന് പേളി മാണി. വർഷങ്ങളായി ലെെം ലെെറ്റിലുള്ള പേളിക്ക് ബിഗ് ബോസ് ഷോ ആണ് കരിയറിലും ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കിയത്. വൻ ജനപ്രീതി ഷോയിലൂടെ പേളി മാണി നേടി. പങ്കാളിയായി ശ്രീനിഷിനെ ലഭിച്ചതും ഈ ഷോയിലൂടെയാണ്. പിന്നീടിങ്ങോട്ട് പേളി-ശ്രീനിഷ് ജീവിതം എപ്പോഴും ജനശ്രദ്ധ നേടി. ഇവരുടെ യൂട്യൂബ് വീഡിയോകൾക്ക് മില്യൺ കണക്കിനാണ് കാഴ്ചക്കാർ. സിനിമാ താരങ്ങൾ അതിഥിയായെത്തുന്ന പേളി മാണി എന്ന ഷോ മിക്കപ്പോഴും ട്രെൻഡിംഗ് ആകാറുണ്ട്.
പേളിയുടെ സ്വതസിദ്ധമായ തമാശയും സംസാര രീതിയും ഏവരെയും രസിപ്പിക്കുന്നു. അടുത്ത കാലത്ത് പോളി മാണി ഷോയിലെ ചെറിയ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. പേളി മാണി ഷോ കാണുമ്പോൾ പ്രേക്ഷകർക്ക് ഓർമ വരുന്നത് റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് എന്ന ഷോയാണ്.
പേളി മാണി ഷോയുടെ ഇരട്ടി ജനപ്രീതി ഒന്നും ഒന്നും മൂന്നിനുണ്ടായിരുന്നു. മഴവിൽ മനോരമ ചാനലിനെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചതിൽ വലിയൊരു പങ്ക് ഒന്നും ഒന്നും മൂന്നിനായിരുന്നു. ഈ ഷോ ജനപ്രിയമായി മുന്നോട്ട് പോകാനുള്ള ഏക കാരണക്കാരി റിമി ടോമിയായിരുന്നു.
എത്ര ഗൗരവക്കാരനായ അതിഥിയാണെങ്കിലും ഇവരെ തമാശ കൊണ്ട് കെെയിലെടുക്കാൻ റിമി ടോമിക്ക് കഴിഞ്ഞു. 2013 ൽ സംപ്രേഷണം തുടങ്ങിയ ഒന്നും ഒന്നും മൂന്ന് നാല് സീസണുകൾ വിജയകരമായി മുന്നോട്ട് പോയി. അക്കാലത്ത് സോഷ്യൽ മീഡിയ റീച്ച് ഇന്നത്തേത് പോലെയില്ല. ഒരുപക്ഷെ ഇന്നായിരുന്നു ഈ ഷോയെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ഹിറ്റ് ഷോയായി ഒന്നും ഒന്നും മൂന്ന് മാറിയേനെ. പേളി മാണിയുടെ ഷോയെ നിഷ്പ്രഭമാക്കുകയും ചെയ്യും. ഒരു ഷോ രസകരമായി മുന്നോട്ട് കൊണ്ട് പോകുന്നതിൽ പേളി മാണിക്കും മുകളിലാണ് റിമി ടോമിയെന്നാണ് ആരാധകർ പറയുന്നത്.
വർഷങ്ങളായി റിമി ടോമി ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്താറില്ല. ഇന്ന് അവാർഡ് നിശകളിൽ പേളി മാണിയാണ് താരം. അതേസമയം ഗായികയായും ജഡ്ജായും റിമി ടോമി എത്താറുണ്ട്. പേളിയെയും റിമിയെയും താരതമ്യം ചെയ്യുന്നവരും ഏറെയാണ്. ഒരു കാലത്ത് രഞ്ജിനി ഹരിദാസായിരുന്നു കേരളത്തിലെ ടെലിവിഷൻ ഷോകളിലെ ഏറ്റവും താരമൂല്യമുള്ള ആങ്കർ.
രഞ്ജിനി ഹരിദാസിന്റെ അതേ ആങ്കറിംഗ് മാതൃകയിൽ പിന്നീട് ഒരുപാട് പെൺകുട്ടികൾ വന്നു. ഈ ഘട്ടത്തിലാണ് വ്യത്യസ്ത ശെെലിയിൽ റിമി ടോമി ആങ്കറായെത്തുന്നത്. കരിയറിലെ തുടക്ക കാലത്ത് ടോക് ഷോ ഹോസ്റ്റായ അനുഭവ സമ്പത്ത് റിമിക്കുണ്ടായിരുന്നു.
വെറുതെ അല്ല ഭാര്യ സീസൺ 2 വിൽ ആണ് മഴവിൽ മനോരമയിൽ റിമി ആദ്യമായി ആങ്കറായെത്തുന്നത്. റിമിയുടെ സ്റ്റെെൽ ഹിറ്റായതോടെ ചാനൽ ഒന്നും ഒന്നും മൂന്ന് എന്ന ഷോയുമായെത്തി. പേളി മാണി ഷോ റിമിയുടെ ഷോയുടെ പാറ്റേണിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. റിമി വന്നതോടെ ആങ്കറിംഗിൽ തനിക്ക് ജോലിയില്ലാതായെന്ന് രഞ്ജിനി ഹരിദാസ് ഒരിക്കൽ തമാശയായി പറഞ്ഞിരുന്നു. ഇന്ന് റിമി ആങ്കറിംഗ് വിട്ട് ഒരുപടി മുകളിലേക്ക് പോയി. നിരവധി ഷോകളിൽ റിമി ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നുണ്ട്.
തമാശക്കാരാണെങ്കിലും പേളിയും റിമി ടോമിയും വ്യത്യസ്തരാണ്. ചെറിയ കാര്യങ്ങൾക്ക് പോലും ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞ് പോകുന്ന ആളാണ് പേളി മാണി. വെെകാരികമായി നിരവധി തവണ പേളി സംസാരിച്ചിട്ടുണ്ട്. എന്നാൽ ഉള്ളിലെ ദുഖങ്ങൾ മറച്ച് പിടിക്കാൻ ശ്രമിക്കുന്നയാളാണ് റിമി ടോമിയെന്ന് ആരാധകർ പറയുന്നു. അപൂർവമായേ ക്യാമറയ്ക്ക് മുന്നിൽ റിമിയുടെ കണ്ണ് നിറഞ്ഞിട്ടുള്ളൂ. അന്നെല്ലാം ആരാധകർ വിഷമിച്ചു. അച്ഛന്റെ വിയോഗത്തെക്കുറിച്ച് പറയുമ്പോഴാണ് റിമിയുടെ കണ്ണുകൾ ഈറനണിയാറുള്ളത്. പരസ്യമായി കരയുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് റിമി പറയാറുമുണ്ട്.
#pearlemaaney #rimitomy #journey #fanbase #amongaudience