Apr 24, 2025 09:19 AM

റെക്കോര്‍ഡ് കളക്ഷന്‍ നേടിയ എമ്പുരാന് ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് തുടരും. എന്നാല്‍ രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്യാനാവാത്തവിധം വ്യത്യസ്തവും വെവ്വേറെ ജോണറുകളില്‍ പെടുന്നതുമാണ്.

എമ്പുരാന്‍ ആക്ഷന്‍ ത്രില്ലര്‍ ആയിരുന്നുവെങ്കില്‍ തുടരും ഫാമിലി ഡ്രാമയാണ്. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു എമ്പുരാനെങ്കില്‍ പ്രീ റിലീസ് പബ്ലിസിറ്റി തന്നെ ആവശ്യത്തിന് മാത്രം കൃത്യമായി ചെയ്താണ് തുടരും അണിയറക്കാര്‍ റിലീസിനെ സമീപിക്കുന്നത്.

എന്നാല്‍ ചിത്രം എന്താണെന്ന് കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചുവെന്നാണ് ചിത്രത്തിന്‍റെ ഇന്നലെ ആരംഭിച്ച പ്രീ ബുക്കിംഗ് തെളിയിക്കുന്നത്. ഇപ്പോഴിതാ അത് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

മലയാള സിനിമയിലെ റെക്കോര്‍ഡ് പ്രീ സെയില്‍ നേടിയ എമ്പുരാന് പിന്നില്‍ ഈ വര്‍ഷത്തെ കണക്കുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ഇതിനകം തുടരും. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് തുടരും അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 1.51 കോടിയാണ്.

റിലീസിന് ഒരു ദിവസം ശേഷിക്കെയാണ് ഇത്. അതായത് ഫൈനല്‍ ഫിഗര്‍ ഇതിനേക്കാള്‍ മുകളില്‍ പോവും. ബസൂക്കയുടെ കേരള പ്രീ സെയില്‍സ് (ആകെ) 1.50 കോടിയും നസ്‍ലെന്‍ ചിത്രം ആലപ്പുഴ ജിംഖാനയുടേത് 1.40 കോടിയും ആയിരുന്നു.

അതേസമയം എമ്പുരാന്‍റെ കേരള അഡ്വാന്‍സ് ബുക്കിംഗ് 11.69 കോടിയുടേത് ആയിരുന്നു. ഓഫ്‍ലൈന്‍ ഫാന്‍സ് ഷോ ടിക്കറ്റുകള്‍ കൂട്ടാതെയുള്ള കണക്കാണ് ഇത്.

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തുടരും ഇതിനകം 2 കോടിക്ക് മുകളില്‍ പ്രീ സെയില്‍ നേടിയിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ചിത്രം ആദ്യദിനം 50,000 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റിട്ടുമുണ്ട്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം.

എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

#Bazooka #Gymkhana #fell #thudarum #continues #progress #pre-sale #achieved

Next TV

Top Stories