Apr 24, 2025 06:39 AM

( moviemax.in) പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നടന്മാരായ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ അനുകൂലികളുടെ സൈബർ ആക്രമണം. ഭീകരാക്രമണത്തിനെതിരെയും വേദന പങ്കുവച്ചും മോഹൻലാൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അധിക്ഷേപവും ഭീഷണിയും അസഭ്യവും. ഏപ്രിൽ 20ന് പങ്കുവച്ച ജിത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ള'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുള്ള പോസ്റ്റിന് താഴെയാണ് പൃഥ്വിരാജിനെതിരായ സൈബർ ആക്രമണം.

നേരത്തെ, എമ്പുരാൻ സിനിമയിൽ ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതിന് ഇരുവർക്കുമെതിരെ വൻതോതിലുള്ള സൈബർ ആക്രമണം സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും സൈബർ ആക്രമണം ഉയർന്നിരിക്കുന്നത്.

'പോയി അടുത്ത തീവ്രവാദികളെ വെളുപ്പിക്കൂ' എന്നും 'പോസ്റ്റ് മുക്കിയിട്ട് കേണൽ പദവിയും തിരികെ കൊടുത്തിട്ട് പോകാനു'മുൾപ്പെടെ മോഹൻലാലിന്റെ പോസ്റ്റിന് താഴെ കമന്റുണ്ട്. പല കമന്റുകളും പ്രസിദ്ധീകരിക്കാനാകാത്തവിധം അങ്ങേയറ്റം അസഭ്യവും അധിക്ഷേപവും നിറഞ്ഞവയാണ്.


'പോയി പണി നോക്കണം മിസ്റ്റർ മോഹൻലാൽ... തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ എടുത്തു സയ്യിദ് മസൂദ് മാരെ വെള്ളപൂശിയിട്ട് ജമാഅത്ത ഇസ്‌ലാമിയുടെ തിണ്ണ നിരങ്ങാൻ പോകുന്ന താനൊക്കെ ഒരക്ഷരം മിണ്ടാൻ പാടില്ല'- എന്നാണ് മോഹൻലാലിന്റെ പോസ്റ്റിനടിയിലെ ഒരു കമന്റ്. 'നീ മിണ്ടരുത്... സുഡാപ്പിക്ക് ചൂട്ടു കത്തിച്ചു നടക്കുന്ന നായരെ, ഇനി അവരെ ന്യായീകരിച്ച് ഒരു പടം കൂടെ ഇറക്ക് **' എന്നാണ് മറ്റൊരാളുടെ കമന്റ്.

'രാജ്യം നൽകിയ ലഫ്. കേണൽ പദവിയും വച്ചുകൊണ്ട് സിനിമയിലൂടെ ഇസ്‌ലാമിക തീവ്രവാദികളെ വെളുപ്പിക്കാൻ കൂട്ടുനിന്ന **', 'തീവ്രവാദി ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ നിരപരാധികൾ ആയ പാവം മനുഷ്യരുടെ പേര് പറയാനും, അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും നിന്റെ പുഴുത്ത് നാറിയ നാക്ക് പൊങ്ങരുത്... അത് ആ മനുഷ്യരെ അപമാനിക്കുന്നതിന് തുല്യമാണ്'- എന്നാണ് മറ്റൊരു അസഭ്യ കമന്റ്.

'നീ അറിഞ്ഞോടാ രായപ്പാ കാശ്മീരിൽ മതം ചോദിച്ചു കൊന്ന് തള്ളിയത്... ഇനി നീ ഈ തീവ്രവാദി പട്ടികളെ കൂടി വെളുപ്പിച്ചു ഒരു പടം എടുക്കണം കേട്ടോടാ...'- എന്നാണ് പൃഥ്വിരാജിന്റെ പോസ്റ്റിനടിയിൽ വന്ന ഒരു കമന്റ്. 'കശ്മീരിൽ നിൻ്റെ പുതിയ തന്തമാര് 27 പേരെ കൊന്നത് അറിഞ്ഞോടാ രായപ്പാ നീ', 'നിന്റെ വായിൽ പഴം ആണോടാ **... ഹിന്ദുവാണോ എന്ന് ചോദിച്ചു വെടിവെച്ചു കൊന്നു... മറ്റേടത്തെ പടവും ആയിട്ടു നീ വായോ....കല്ലെറിയും കട്ടായം'- എന്നും അധിക്ഷേപവും അസഭ്യവും ഭീഷണിയും കമന്റുകളിൽ കാണാം.

പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകൾക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു എന്നാണ് മോ​ഹൻലാൽ കുറിച്ചത്. ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിന് ഒരു കാരണവും ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും മോഹൻലാൽ പറഞ്ഞു.

ഇരകളുടെ ദുഃഖം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ദയവായി അറിയുക. ദുഃഖത്തിൽ നിങ്ങളോടൊപ്പം ഈ രാജ്യം മുഴുവൻ കൂടെയുണ്ട്. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം, ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്- മോഹൻലാൽ കൂട്ടിച്ചേർത്തു.







#sanghparivarcyber #attack #against #mohanlal #prithviraj

Next TV

Top Stories










News Roundup