ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി വിളിപ്പിക്കാൻ തീരുമാനിച്ച് പോലീസ്. വെള്ളിയാഴ്ചതന്നെ ഷൈനിന് നോട്ടീസ് കൈമാറും.
കൊച്ചിയിലെ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെ ഷൈൻ ഇറങ്ങി ഓടിയത് എന്തിനാണെന്നും ഒളിച്ച് കടന്ന് സംസ്ഥാനം വിട്ടത് എന്തിനാണെന്നും വിശദീകരിക്കാണമെന്നാണ് പോലീസിന്റെ ആവശ്യം.
ഷൈനിന്റെ പേരിൽ നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ സംസ്ഥാനത്തിന് പുറത്ത് പോയി നടനെ പിടികൂടേണ്ട ആവശ്യമില്ലെന്ന് നാർക്കോട്ടിക്സ് എസിപി അബ്ദുൾ സലാം പറയുന്നു. തുടർനടപടികൾ മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷൈൻ നിലവിൽ പൊള്ളാച്ചിയിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ. നേരത്തെ കൊച്ചിയിലും തൃശൂരിലും കൊച്ചി പോലീസ് പരിശോധന നടത്തിയെങ്കിലും ഷൈനിനെ കുറിച്ചുള്ള സൂചന ലഭിച്ചിരുന്നില്ല.
ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഷൈൻ പൊളളാച്ചിയിലുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയിരിക്കുന്നത്. അതേസമയം ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നിറങ്ങിയോടിയ ഷൈൻ കൊച്ചിയിലെ മറ്റൊരു ആഢംബര ഹോട്ടലിൽ മുറിയെടുത്തതായും അവിടെ നിന്നും ടാക്സിയിൽ മറ്റൊരു സ്ഥലത്തേക്ക് കടന്നതിന്റെയും തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു.
നിലവിൽ ഷൈൻ എവിടെയെന്ന് ചോദ്യങ്ങൾ ഉയരുമ്പോഴും നടന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സജീവമാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകളും തന്റെ പേരിൽ വരുന്ന വാർത്തകളും ട്രോളുകളും നിരന്തരം ഷൈൻ പങ്കുവയ്ക്കുന്നുണ്ട്.
#must #explain #ran #Shine #issued #notice #appear #police