---
title: "ആ തെറ്റിദ്ധാരണ തിരുത്തണം, ഞാൻ പോകുന്നിടത്തെല്ലാം ഇത് പറയാറുണ്ട്, കൺഫ്യൂഷനായതാകും; ​ഗായകൻ അഫ്സൽ"
english_title: "#singer #afsal #says #he #didnt #sing #romantic #song #cidmoosa #movie #video #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/278187/singer-afsal-says-he-didnt-sing-romantic-song-cidmoosa-movie-video-goes-viral"
published_at: "2025-03-22T10:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de46ee346fd_spb.jpg"
keywords: []
---

# ആ തെറ്റിദ്ധാരണ തിരുത്തണം, ഞാൻ പോകുന്നിടത്തെല്ലാം ഇത് പറയാറുണ്ട്, കൺഫ്യൂഷനായതാകും; ​ഗായകൻ അഫ്സൽ

> **Lead Summary:** ** എത്ര **തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരുപിടി ​ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ​ഗായകനാണ് അഫ്സൽ. ഇന്നും ​ഗാനമേളകളും റീൽസും കല്യാണ വീടുകളും ഭരിക്കുന്നത് ഏറെയും അഫ്സൽ ജീവൻ പകർന്ന ​ഗാനങ്ങളാണ്.

## Article Content

** എത്ര **തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരുപിടി ​ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ​ഗായകനാണ് അഫ്സൽ. ഇന്നും ​ഗാനമേളകളും റീൽസും കല്യാണ വീടുകളും ഭരിക്കുന്നത് ഏറെയും അഫ്സൽ ജീവൻ പകർന്ന ​ഗാനങ്ങളാണ്.

ഒരു കാലത്ത് മലയാളത്തിലിറങ്ങിയ ഫാസ്റ്റ് നമ്പർ പാട്ടുകൾക്ക് ഒരു ശബ്ദമേ ഉണ്ടായിരുന്നുള്ളൂ അത് അഫ്സലിന്റേതാണ്... അതേസമയം എവർ​ഗ്രീൻ ഹിറ്റ് ചിത്രമായ സിഐഡി മൂസയിലെ മേനേ പ്യാർ കിയ എന്ന​ ​ഗാനം അഫ്സൽ തന്നെയാണ് ആലപിച്ചതെന്നാണ് ഇപ്പോഴും നല്ലൊരു ശതമാനം ആളുകൾ കരുതിയിരിക്കുന്നത്.

എന്നാൽ താൻ അല്ല ആ ​ഗാനം പാടിയതെന്നും താൻ പോകുന്ന ഇടങ്ങളിൽ എല്ലാം ഇത് താൻ തന്നെ ആളുകൾക്ക് തിരുത്തി കൊടുക്കാറുണ്ടെന്നും പറയുകയാണ് അഫ്സൽ. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയ ​ഗായകൻ.

സിഐഡി മൂസയിലെ മേനെ പ്യാർ കിയ ഞാനാണ് പാടിയതെന്ന് ചിലർക്ക് തെറ്റാദ്ധാരണയുണ്ട്. അത് തിരുത്തണം. എന്റെ ജീവിതം തുടങ്ങുന്നത് തന്നെ എസ്പിബി സാറിന്റെ പാട്ടുകൾ പാടിയാണ്. അതുകൊണ്ട് തന്നെ എല്ലാവരും വിചാരിച്ചിരിക്കുന്നത് ഞാനാണ് മേനെ പ്യാർ കിയ പാടിയതെന്നാണ്. പക്ഷെ വിദ്യാസാ​ഗർ സാർ സം​ഗീതം നൽകിയ ആ പാട്ട് പാടിയത് ദി ​ഗ്രേറ്റ് എസ്പിബി സാറാണ്. ഞാൻ ​ഗാനമേളകളിൽ ഈ പാട്ട് നിരന്തരം പാടുമായിരുന്നു.

അതുകൊണ്ട് ആളുകൾ കരുതിക്കാണും ഞാൻ തന്നെയാണ് ഒറിജിനലും പാടിയതെന്ന്. അന്ന് യുട്യൂബ് ഇല്ലല്ലോ... ചാനലുകളും റേഡിയോയും വഴിയാണല്ലോ പാട്ടുകൾ ആളുകൾ കേട്ടുകൊണ്ടിരുന്നത്. അങ്ങനെ കൺഫ്യൂഷൻ വന്നതാകും. എല്ലായിടത്ത് പോകുമ്പോഴും ഞാൻ പറയാറുണ്ട്. ഞാൻ അല്ല ആ പാട്ട് പാടിയതെന്ന്.

ഞാൻ ഫോളോ ചെയ്യുന്നത് സാറിന്റെ മോഡുലേഷനാണെന്നും അഫ്സൽ പറയുന്നു. കല്യാണരാമൻ സിനിമയിലെ ഹിറ്റ് ​ഗാനങ്ങളുടെ ഭാ​ഗമായതിന് പിന്നിലെ കഥയും അഫ്സൽ‌ പങ്കുവെച്ചു. ഇന്നും ട്രെന്റിങിൽ നിൽക്കുന്ന പാട്ടുകളാണ് കല്യാണരാമനിൽ അഫ്സൽ പാടിയവയെല്ലാം. മ്യൂസിക്ക് എന്റെ പ്രൊഫഷനാണെങ്കിലും സം​ഗീതം ഞാൻ സ്വയം ആസ്വദിക്കുന്നുണ്ട്. പാട്ടുകാരൻ എന്ന രീതിയിൽ എന്റെ പ്രൊഫഷനിൽ ഏറ്റ കുറച്ചിലുകളുണ്ട്. ചിലപ്പോൾ ചാൻസ് കുറയും കൂടും.

ചിലപ്പോൾ ഒട്ടും ഉണ്ടാവുകയില്ല. ആ സമയത്തൊക്കെ ഞാൻ മ്യൂസിക്കിനെ എഞ്ചോയ് ചെയ്യാറുണ്ട്. കല്യാണ വീടുകളിലൊക്കെ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കാറുള്ളത് തിങ്കളെ പൂത്തിങ്കളെ എന്ന പാട്ടാണ്. ​ഗ്രൂപ്പായി ഡാൻസ് കളിക്കാൻ പറ്റുന്ന സോങ് കൂടിയാണല്ലോ. കോളേജ് വിദ്യാർത്ഥികൾ ഡാൻസ് കളിക്കുമ്പോൾ കൈ തുടി താളം തട്ടിയാണ് കൂടുതലായും ഉപയോ​ഗിക്കാറുള്ളത്.

കല്യാണരാമൻ സിനിമ എന്റെ ടേക്ക് ഓഫ് ആയിരുന്നു. അതിന് മുമ്പ് പല സിനിമകളിലും പാടിയിട്ടുണ്ടെങ്കിലും അതിൽ പലതും പുറത്ത് വന്നില്ല. കല്യാണരാമനിലെ ​ഗാനത്തിന് ട്രാക്ക് പാടാനാണ് എന്നെ ബേണി-ഇ​ഗ്നേഷ്യസ് വിളിച്ചത്. അതിൽ രാക്കടൽ കടഞ്ഞെടുത്ത എന്ന ​ഗാനം പാടി കഴിഞ്ഞപ്പോൾ ലാൽ സാർ പറഞ്ഞു സിനിമയിൽ ഒരു ​ഗാനം എന്നെ കൊണ്ട് പാടിക്കാമെന്ന്.

ഷാഫിക്കയ്ക്കും അത് താൽപര്യമായിരുന്നു. തിങ്കളേ പൂത്തിങ്കളെ എംജി സാറിനൊപ്പമാണ് പാടിയത്. അതായിരുന്നു ആദ്യ ​ഗാനം. അന്ന് എനിക്ക് വലിയ സന്തോഷമായിരുന്നു. കാരണം വലിയൊരു പ്രോജക്ടിൽ എനിക്കും ഒരു പാട്ട് പാടാൻ ഭാ​ഗ്യമുണ്ടായല്ലോ. അഫ്സൽ എന്ന ​ഗായകനെ കല്യാണരാമനിലെ പാട്ടുകളിലൂടെയാണ് ആളുകൾ ഇന്നും അറിയുന്നതെന്നും ​ഗായകൻ പറയുന്നു.

പതിനേഴാം വയസിൽ ഗാനമേളകൾക്ക് പാടിത്തുടങ്ങിയ അഫ്സൽ പിന്നീട് സിനിമയിലേക്കും അവിടെ നിന്ന് വമ്പൻ സംഗീതവേദികളിലേക്കും പാടിക്കയറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/278187/singer-afsal-says-he-didnt-sing-romantic-song-cidmoosa-movie-video-goes-viral)