Mar 21, 2025 04:13 PM

മലയാള സിനിമയുടെ അഭിമാനതാരമാണ് പൃഥ്വിരാജ്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ മറി കടന്ന് മലയാള സിനിമ വളരുന്ന കാലമാണിത്. രാജ്യം മുഴുവനുമുള്ള സിനിമാ പ്രേമികള്‍ മലയാള സിനിമയിലെ മാറ്റങ്ങളിലേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്. മലയാള സിനിമ നേടിയെടുത്ത ഈ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് പൃഥ്വിരാജ്.

നടനായി മാത്രമല്ല നിര്‍മ്മാതാവായും സംവിധായകനായുമെല്ലാം മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതില്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു പൃഥ്വിരാജ്. നടന്‍ എന്ന നിലയിലും താരമെന്ന നിലയിലും നേടാനുള്ളതെല്ലാം നേടിയ ശേഷമാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് കടക്കുന്നത്. ലൂസിഫര്‍ എന്ന ബ്രഹ്‌മാണ്ഡ സിനിമയൊരുക്കി കൊണ്ട് വരവറിയിച്ച പൃഥ്വി ഇപ്പോഴിതാ മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും വലിയ സിനിമയുമായി എത്തുകയാണ്.

അതേസമയം തന്റെ കരിയറില്‍ നിരന്തരം അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന വ്യക്തിയാണ് പൃഥ്വിരാജ്. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നത് മുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് വരെ പൃഥ്വിരാജിനെതിരെ വെറുപ്പ് വളരാന്‍ കാരണമായി മാറി. കാലം മാറിയപ്പോള്‍ അന്ന് കളിയാക്കിയവരെല്ലാം രാജുവേട്ടന്‍ ഫാന്‍സ് ആയി മാറിയെന്നതാണ് വസ്തുത. ഇപ്പോഴിതാ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരായ വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

ആന്റി പൃഥ്വിരാജ് വേവ് ഉണ്ടായിരുന്നല്ലോ ഒരുകാലത്ത് എന്ന അവതാരകന്‍ ഭരദ്വാജ് രംഗന്റെ ചോദ്യത്തിനാണ് പൃഥ്വിരാജ് മറുപടി നല്‍കുന്നത്. പൊട്ടിച്ചിരിച്ചു കൊണ്ട് ഇപ്പോഴും ഉണ്ടെന്നാണ് തോന്നുന്നത്. എന്നെ വെറുക്കുന്ന ഒരുപാട് പേരുണ്ട് എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. പിന്നാലെ ഇംഗ്ലീഷ് സംസാരിക്കുന്നതിനെ ട്രോളിയതിനെക്കുറിച്ച് അവതാരകന്‍ പരാമര്‍ശിക്കുന്നു.

''ഞാന്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിനെക്കുറിച്ച് പറയുന്നത് വലിയ തമാശയാണ്. എന്റെ തലമുറയില്‍ നിന്നുള്ള, ഇപ്പോള്‍ കേരളത്തില്‍ ജീവിക്കുന്ന എത്ര പേര്‍ക്ക്, നടന്മാരെ മറന്നേക്കൂ, എന്നെപ്പോലെ നന്നായി മലയാളം എഴുതാനും വായിക്കാം സംസാരിക്കാനും സാധിക്കും? അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.'' എന്നായിരുന്നു അതിനുള്ള പൃഥ്വിരാജിന്റെ മറുപടി. എങ്ങനെയാണ് താന്‍ ആ വെറുപ്പിനെ കൈകാര്യം ചെയ്തിരുന്നതെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

''നേരത്തെ കൈകാര്യം ചെയ്തിരുന്നു. ചെറുപ്പമായിരുന്നപ്പോള്‍. വന്ന സമയത്തും ആളുകള്‍ എന്നെ വെറുത്തിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. അതെല്ലാം പുറമേയുള്ള കാര്യങ്ങളാണ്. ചെറുപ്പത്തില്‍ ഞാന്‍ ചിന്തിക്കുമായിരുന്നു, ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ഞാന്‍ വ്യക്തിപരമായി അവരെ വേദനിപ്പിച്ചുവോ? അവരുടെ ജീവിതത്തെ ബാധിക്കുന്ന എന്തെങ്കിലും ചെയ്തതിനാലാണോ അവര്‍ എന്നെ ഇത്ര വെറുക്കുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു. പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലും കാരണം കൊണ്ടുണ്ടായ വെറുപ്പ് അല്ല അത്. അതില്‍ നമുക്ക് ഒന്നും ചെയ്യാനില്ല.'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ദീര്‍ഘകാലമായി ഇതിലൂടെ കടന്നു പോകുന്നതിനാല്‍ സബ് കോണ്‍ഷ്യസില്‍ ഒരു ബോധ്യം വളര്‍ത്തിയെടുത്തിട്ടുണ്ട്. നിനക്ക് ഒന്നും ചെയ്യാനില്ലെന്ന് സ്വയം പറയും. ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചാല്‍ ആദ്യം സോറി പറയുന്നത് ഞാന്‍ തന്നെയാകും. സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ആളുകളോട് ദേഷ്യപ്പെട്ടെന്ന് വരാം. പക്ഷെ ആ ദിവസം പാക്കപ്പിന് മുമ്പ് ആ വ്യക്തിയെ വിളിച്ച് മാപ്പ് പറഞ്ഞിരിക്കും. അതില്‍ എനിക്ക് ബുദ്ധിമുട്ടില്ലെന്നും താരം പറയുന്നുണ്ട്. തന്റെ പതിനെട്ടാം വയസിലാണ് പൃഥ്വിരാജ് അഭിനയ ജീവിതം ആരംഭിക്കുന്നത്.

സുകുമാരന്റേയും മല്ലികയുടേയും മകന്‍ ആയ പൃഥ്വിരാജിന് സിനിമയോട് ഇഷ്ടം തോന്നുന്നത് തീര്‍ത്തും സ്വാഭാവികമാണ്. വിദേശത്ത് പഠിക്കുകയായിരുന്ന പൃഥ്വി വെക്കേഷന് നാട്ടിലെത്തുമ്പോഴാണ് സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ ലഭിക്കുന്നത്. പിന്നെ നടന്നത് ചരിത്രമാണ്. അതേസമയം അന്നത്തെ പതിനെട്ടുകാരന് പഠിത്തം തുടരണോ സിനിമ ചെയ്യണോ എന്നത് സങ്കീര്‍ണമായ തീരുമാനമായിരുന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്.

''പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ മിടുക്കനായിരുന്നു. ഓസ്‌ട്രേലിയയിലെ എന്റെ പഠനത്തിന് വേണ്ടി അമ്മ ഒരുപാട് പണം ചെലവാക്കിയിരുന്നു. നന്നായി തന്നെയായിരുന്നു പഠനം പോയിരുന്നത്. സമ്മര്‍ വെക്കേഷന് വന്നപ്പോഴാണ് സിനിമയില്‍ നിന്നും ഓഫര്‍ വരുന്നത്. വെക്കേഷന്‍ സമയത്ത് ആ സിനിമ തീര്‍ത്ത ശേഷം തിരികെ പോവുക എന്നതായിരുന്നു തീരുമാനം.

ക്ഷെ എന്റെ ആദ്യ സിനിമ റിലീസാകും മുമ്പ്, ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് തന്നെ ആറോ ഏഴോ സിനിമകളുടെ ഓഫറുകള്‍ എനിക്ക് ലഭിച്ചു. അതും വലിയ സംവിധായകരുടെ സിനിമകളാണ്.'' താരം പറയുന്നു. ''വലിയൊരു തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്. ഒരു 18 നുകാരനെ സംബന്ധിച്ച് അത് വളരെ വലിയ തീരുമാനമാണ്.

പഠിക്കുന്നത് നിര്‍ത്തണോ സിനിമ ചെയ്യണോ? എന്റെ യൂണിവേഴ്‌സിറ്റിയില്‍ ആറ് മാസം ലീവെടുത്ത് വീണ്ടും ജോയിന്‍ ചെയ്യാനുള്ള ഓപ്ഷനുണ്ടായിരുന്നു. ഞാന്‍ യൂണിവേഴ്‌സിറ്റിയ്ക്ക് ഇ-മെയില്‍ അയക്കുകയും അവര്‍ അനുവദിക്കുകയും ചെയ്തു''. അമ്മയ്ക്കാണ് എല്ലാ ക്രെഡിറ്റും. ധൈര്യം സംഭരിച്ച് അമ്മയോട് സിനിമ ഇഷ്ടമാണെന്ന് പറഞ്ഞു.

തിരിച്ചു പോയി പഠനം പൂര്‍ത്തിയാക്കിയിട്ട് വരാമെന്ന് പറഞ്ഞു. രണ്ട് വര്‍ഷം കഴിഞ്ഞ് തിരികെ വരുമ്പോള്‍ സിനിമ ഓഫര്‍ ചെയ്താല്‍ ചെയ്യുമോ എന്ന് അമ്മ ചോദിച്ചു. തീര്‍ച്ചയായും ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പോകണ്ട, രണ്ട് വര്‍ഷം കഴിഞ്ഞ് ഈ ഓഫര്‍ ഉണ്ടാകില്ലെന്ന് അമ്മ പറഞ്ഞുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. രണ്ടാം ഭാഗവും എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിരാജും ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിംഗ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിന് പുറമെ നിരവധി രാജ്യാന്തര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ്. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെയാണ് പ്രദര്‍ശനം ആരംഭിക്കുക. ഇതിനോടകം തന്നെ ടിക്കറ്റ് ബുക്കിംഗില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് എമ്പുരാന്‍. ടിക്കറ്റെടുക്കാനുള്ള ആരാധകരുടെ തിരക്ക് കാരണം ബുക്ക് മൈ ഷോ സൈറ്റ് പോലും ഡൗണ്‍ ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിവേഗമാണ് ടിക്കറ്റ് ബുക്കിംഗ് നടക്കുന്നത്. മിക്ക തീയേറ്ററുകളും ഇതിനോടകം തന്നെ ഹൗസ്ഫുള്ളായിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ എമ്പുരാന്‍ നേടുമെന്നാണ് കരുതപ്പെടുന്നത്.


#prithviraj #reacts #trolls #about #his #english #speaking #skills #asks #how #many #people #know #malayalam

Next TV

Top Stories