മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്ത പട്ടാള സിനിമകളിൽ ഏറ്റവും മികച്ചതെന്ന് പ്രേക്ഷകർ നിരന്തരം പറയാറുള്ള സിനിമയാണ് കീർത്തിചക്ര. ഒരു പട്ടാളക്കാരൻ എങ്ങനെ ആയിരിക്കണമെന്നും ഒരു എൻഎസ്ജി കമാൻഡോ എന്താണെന്നും കാണിച്ച് തന്ന സിനിമ. മേജർ രവി എന്ന സംവിധായകന്റെ മികച്ച സിനിമ കൂടിയാണ് ഇത്. ഈ സിനിമയിൽ ദൃശ്യവത്കരിച്ച ഓരോ രംഗങ്ങളും പ്രേക്ഷക മനസിൽ ആഴത്തിൽ പതിഞ്ഞവയാണ്.
യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഒരു പ്രതീതി കീർത്തിചക്ര കാണുമ്പോൾ പ്രേക്ഷകനിൽ ജനിക്കും. മലയാളത്തിൽ വന്നിട്ടുള്ള മറ്റൊരു മലയാള സിനിമയ്ക്കും തരാൻ പറ്റാതെ പോയ രോമാഞ്ചം കീർത്തിചക്ര ഇപ്പോൾ കാണുമ്പോഴും പ്രേക്ഷകന് ലഭിക്കാറുണ്ട്. സിനിമ മാത്രമല്ല ചിത്രത്തിലെ പാട്ടുകൾ അടക്കം വൻ ഹിറ്റായിരുന്നു.
സിനിമയിൽ വില്ലൻ വേഷം ചെയ്തവരിൽ പ്രധാനി നടൻ കിരൺ രാജായിരുന്നു. മോഹൻലാലിന് പുറമെ സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്തത് തമിഴ് നടൻ ജീവയാണ്. ഇപ്പോഴിതാ ജീവയ്ക്കും മോഹൻലാലിനുമൊപ്പം കീർത്തിചക്രയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് കിരൺ രാജ്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൂട്ടിങിനിടെ ജീവ നെഞ്ചത്ത് ചവിട്ടിയ സംഭവവും കിരൺ രാജ് വെളിപ്പെടുത്തി.
ഫൈറ്റ് സീൻ ഷൂട്ടിനുശേഷം ഒരാഴ്ച താൻ ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നും നടൻ പറയുന്നു. ഔട്ട്ഡോറിലായിരുന്നു ഞാനും ജീവയും ലാലേട്ടനുമുള്ള സീൻ ഷൂട്ട് ചെയ്തത്. എന്നെ കൊല്ലുന്ന സീനായിരുന്നു. അതിന് മുമ്പുള്ള ഫൈറ്റ് കാശ്മീരിൽ ഷൂട്ട് ചെയ്യാൻ പറ്റാത്തതുകൊണ്ട് അത് സെറ്റിട്ടാണ് എടുത്തത്.
ഹൗസ് ബോട്ടിന്റെ സെറ്റായിരുന്നു ഇട്ടത്. ഫൈറ്റ് സീക്വൻസിനിടയിൽ ജീവ എന്നെ ചവിട്ടുന്ന ഒരു രംഗമുണ്ട്. അന്ന് നല്ലൊരു ചവിട്ട് തന്നെയാണ് കിട്ടിയത്. ചവിട്ടിയപ്പോൾ വലിയൊരു ശബ്ദം കേൾക്കാമായിരുന്നു. ആ ഏരിയയിൽ മൊത്തം കേട്ടു. കാരണം ജീവ ധരിച്ചിരുന്നത് മിലിട്ടറി ബൂട്ടായിരുന്നു. അത് ഭയങ്കര സ്ട്രോങ്ങാണ്. നെഞ്ചിന് തന്നെയാണ് ചവിട്ട് കിട്ടിയത്. ചവിട്ട് കിട്ടിയതും വീണതും മാത്രമെ എനിക്ക് ഓർമയുള്ളു.
പിന്നെ കുറച്ച് സമയത്തേക്ക് എനിക്ക് ഓർമയില്ലായിരുന്നു. എന്റെ വീഴ്ച കണ്ട് എല്ലാവരും പേടിച്ചു. പിന്നെ നെഞ്ചിന് ഇടിച്ചൊക്കെയാണ് എഴുന്നേൽപ്പിച്ചത്. ഇതിന്റെ പേരിൽ ലാലേട്ടൻ ജീവയെ ചീത്ത പറഞ്ഞു. മേജർ രവി ചേട്ടനേയും ചീത്ത പറഞ്ഞു. അഭിനയമല്ലേ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചാണ് ലാലേട്ടൻ ചീത്ത പറഞ്ഞത്. ജീവയ്ക്ക് ടൈമിങ് തെറ്റിയതാണ്.
ഡ്യൂപ്പ് ഇല്ലാതെ ഫൈറ്റ് ചെയ്താൽ നന്നാകുമെന്ന് ഫൈറ്റ് മാസ്റ്റർ പറഞ്ഞതുകൊണ്ടാണ് ചെയ്തത്. അപ്പോഴും ലാലേട്ടൻ എന്നെ ഒന്ന് നോക്കി. പിന്നെ ആ സീൻ മുഴുവൻ അടിയാണല്ലോ. ജീവയുടെ കൂടെയായിരുന്നു കൂടുതലും ഫൈറ്റ് രംഗം. അതുകൊണ്ട് അടി ശരിക്കും കിട്ടി. ആ ഷൂട്ടിനുശേഷം ഒരാഴ്ച ആശുപത്രിയിലായിരുന്നു എന്നും കിരൺ രാജ് പറഞ്ഞു.
#kiranraj #open #up #about #his #shooting #experience #with #mohanlal #jiiva