(moviemax.in) മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച കൽപ്പന. ഇപ്പോഴിതാ കൽപ്പനയെക്കുറിച്ച് സംസാരിക്കുകയാണ് അനിൽ കുമാറിപ്പോൾ.
തന്റെ ജീവിതത്തിൽ വലിയ സ്വാധീനമായി ഏറെക്കാലം ഒപ്പമുണ്ടായിരുന്ന ആളാണ് കൽപ്പനയെന്ന് അനിൽ കുമാർ പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. തന്നോടൊപ്പം സിനിമകൾ ചെയ്യാൻ കൽപ്പനയ്ക്ക് താൽപര്യമില്ലായിരുന്നെന്നും ഇതിന് കാരണമുണ്ടെന്നും അനിൽ കുമാർ പറയുന്നുണ്ട്.
കൽപ്പനയ്ക്ക് എന്നോടൊപ്പം വർക്ക് ചെയ്യാൻ താൽപര്യമില്ലായിരുന്നു. കാരണം ഞാൻ വീട്ടിലെടുക്കുന്ന സ്വാതന്ത്ര്യം സെറ്റിലുമെടുക്കും. എടീ എന്ന് വിളിച്ചോണ്ടിരിക്കും എന്നാണവൾ പറയുന്നത്. പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഒരു ഡയറക്ടർക്ക് ആർട്ടിസ്റ്റിനേക്കാൾ കൂടുതൽ ജോലിയുണ്ടാകും.
അവൾക്ക് ഒരു സ്വസ്ഥത കാണില്ല. സ്ഥിരമായി ഞങ്ങൾ ഷൂട്ടിംഗിൽ രണ്ട് റൂമുകളെടുത്തിരുന്നു. ഞങ്ങൾ പിണക്കമായത് കൊണ്ട് മാറി താമസിച്ചതാണെന്ന് ഈയിടെ ആരോ പറയുന്നത് കേട്ടു.
അങ്ങനെയല്ല. റൂമിൽ എന്റെ അസിസ്റ്റന്റ്സും പ്രൊഡ്യൂസേർസും വരും. ആ ബഹളം വേണ്ടെന്ന് വെച്ചാണ് ഒരു റൂം കൂടെയെടുത്തത്. രാവിലെ ഞാൻ എണീക്കും. അവൾക്കത്ര രാവിലെ എണീക്കേണ്ട. വേറെ ആളെ വഴക്ക് പറയേണ്ടതിന് കൽപ്പനയെ പറയും.
ഇതെല്ലാം കാരണം തന്റെ കൂടെ വർക്ക് ചെയ്യുകയെന്നത് അവൾക്കത്ര താൽപര്യമുള്ള കാര്യമായിരുന്നില്ലെന്ന് അനിൽ കുമാർ പറയുന്നു. കൽപ്പനയുടെ മരണത്തെക്കുറിച്ചും അനിൽ കുമാർ സംസാരിക്കുന്നുണ്ട്.
കൽപ്പന ഒരു സമയത്ത് എന്നിൽ നിന്നും വേർപെട്ടു. ഞാൻ കൽപ്പനയ്ക്ക് അവസാനം അയച്ച മെസേജ് കറക്ടായി മരുന്ന് കഴിക്കണം, മരുന്ന് മുടക്കരുത് എന്നാണ്, കൽപ്പനയ്ക്ക് അസുഖമുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഇങ്ങനെ സംഭവിക്കും എന്നെനിക്ക് അറിയില്ലായിരുന്നു. വാരണാസിയിൽ ഒരു ഹിന്ദി ഫിലിം ഷൂട്ട് ചെയ്യുന്ന സമയത്താണ് കൽപ്പനയുടെ മരണ വിവരം കേട്ടത്. ഒരു തകർച്ചയായിരുന്നു.
വാരണാസിയിൽ കാറിനുള്ളിൽ രണ്ടോ മൂന്നോ മണിക്കൂർ ഇരുന്നു. എന്നെ ആരും വിളിക്കേണ്ടെന്ന് പറഞ്ഞു. തിരിച്ച് വന്ന് രാത്രി വള്ളക്കാരനെ വിളിച്ച് വാരണാസി പുഴയിൽ ഞാൻ നിന്നു. അവളുടെ ആത്മാവിന് ശാന്തി കിട്ടണെ എന്ന് പ്രാർത്ഥിച്ചു.
മരിച്ച് കിടക്കുന്ന, നിർജ്ജീവമായ കണ്ണുകളുള്ള കൽപ്പനയെ എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ലായിരുന്നു. ചിരിച്ച് കളിച്ച് നിൽക്കുന്ന മുഖം മാത്രമാണ് മനസിലുള്ളതെന്നും അനിൽ പറയുന്നു. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിയുകയായിരുന്നു.
#AnilKumar #talking #about #Kalpana.