മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സാധാരണ മോഡലിങ്ങ്, യാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറ്.
എന്നാൽ ഇത്തവണ ഒരു പാചക വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. സൺഡേ സ്പെഷ്യൽ മീൻ കറിയുമായാണ് അഞ്ജു എത്തിയിരിക്കുന്നത്, അതും പുറത്ത് തീ കൂട്ടി വിശാലമായ പാചകം.
മീൻ കറി വെയ്ക്കുന്നതു മാത്രമല്ല, വലയിട്ട് മീന്‍ പിടിക്കുന്നത് മുതല്‍ കറി ഉണ്ടാക്കിക്കഴിയുന്നത് വരെ അഞ്ജു വീഡിയോയിൽ കാണിക്കുന്നുണ്ട്. മീൻ വെട്ടി വൃത്തിയാക്കുന്നതും അഞ്ജു തന്നെയാണ്.
വിറകടുപ്പ് കൂട്ടി മൺചട്ടിയിലാണ് പാചകം. നിങ്ങൾക്കും ഔട്ട്‍ഡോർ കുക്കിങ്ങ് ഇഷ്ടമാണോ? എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
''സത്യം പറ, ആരാ മീൻകറി വെച്ചത്?'' എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ ചോദ്യം. ''തീ ഒന്നും ഒരു പ്രശ്നമേ അല്ല... ആ കുക്കിങ്ങ് കണ്ടാൽ തന്നെ മനസിലാകും, അടുക്കളയില്‍ കേറുന്ന ആളാണ്'', എന്നാണ് മറ്റൊരു കമന്റ്. ''കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണെന്ന്'', എന്ന് മറ്റൊരാൾ കുറിച്ചു.
പഠിക്കുന്ന സമയത്തുതന്നെ മോഡലിങ്ങിൽ സജീവമായിരുന്നു അഞ്ജു. മോഡലിങിലൂടെ തന്നെയാണ് താരം സിനിമയിലെത്തുന്നതും. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം.
തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു അഞ്ജു കുര്യന്റെ വിവാഹ നിശ്ചയം. റോഷൻ എന്നാണ് വരന്റെ പേര്.
#actress #anjukurian #cooking #video #gets #attention